ഓഗസ്റ്റ് 13-ന് ഗവ.സൈബർ പാർക്കിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല
ലഹരിമുക്ത കേരളത്തിനായി കാലിക്കറ്റ് ഐടി സമൂഹം
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രചാരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട്ടെ ഐടി സമൂഹം മുന്നിട്ടിറങ്ങുന്നു. കാലിക്കറ്റ് ഫോറം ഫോർ ഐടിയുടെ (കാഫിറ്റ്) നേതൃത്വത്തിൽ ഗവ. സൈബർപാർക്ക്, യു.എൽ. സൈബർപാർക്ക്, ഹൈലൈറ്റ് ബിസിനസ് പാർക്ക് എന്നിവയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 13 വ്യാഴാഴ്ച വൈകുന്നേരം നാലരയ്ക്ക് സിറ്റി പോലീസ് കമ്മീഷണർ എ പി ഷൗക്കത്തലി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഗവ. സൈബർപാർക്ക്, യു.എൽ. സൈബർപാർക്ക് പരിസരങ്ങളിലാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. ലഹരി ഉപയോഗത്തിനെതിരെ ‘നോ ടു ഡ്രഗ്സ്, യെസ് ടു ലൈഫ്’ എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
ഐടി പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, സന്നദ്ധപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർക്ക് ലഹരിവിരുദ്ധ ചങ്ങലയിൽ കണ്ണികളാകാം. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പങ്കാളികളാകാൻ താൽപ്പര്യമുള്ളവർ https://cafit.org/events/human-chain-against-drug-abuse എന്ന ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.