മലബാര്‍ മില്‍മ നല്‍കുന്ന അധിക പാല്‍വിലയും കാലിത്തീറ്റ സബ്‌സിഡിയും 54 കോടിയിലേക്ക്

കോഴിക്കോട്:  മലബാര്‍ മില്‍മ അധിക പാല്‍ വിലയായി 9 കോടി രൂപ കൂടി അനുവദിച്ചു. ഭരണസമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മലബാര്‍ മേഖലാ യൂണിയന്റെ 2025 മാര്‍ച്ച് വരെയുള്ള പ്രവര്‍ത്തന മിച്ചം  കണക്കാക്കി   ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ വഴി  ലഭിക്കുന്ന നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപ കൂടി അധിക പാല്‍വിലയായി നല്‍കാനാണ് തീരുമാനം. ഈയിനത്തില്‍ മലബാറിലെ ഒരു ലക്ഷത്തോളം വരുന്ന ക്ഷീര കര്‍ഷകരിലേക്ക് 9കോടി രൂപ  കൂടി വന്നുചേരും.

നവംബറില്‍ ചേര്‍ന്ന ഭരണ സമിതി യോഗം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ അളക്കുന്ന പാലിന് ലിറ്ററിന് ഒരു രൂപ അധിക വിലയായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച തുക കൂടി കൂട്ടുമ്പോള്‍ 2.50 രൂപ ഒരു ലിറ്റര്‍ പാലിന് ഈ മൂന്നു മാസങ്ങളില്‍ അധിക പാല്‍വിലയായി കര്‍ഷകര്‍ക്ക് ലഭിക്കും. ഇതു പ്രകാരം ഒരു ലിറ്റര്‍ പാലിന് കര്‍ഷകര്‍ക്ക് ലഭിക്കുന്ന തുക 48 രൂപ 42 പൈസയായി ഉയരും. മൂന്നു മാസങ്ങളില്‍ അധിക പാല്‍വിലയായി അവരിലേക്ക് എത്തിച്ചേരുക 15 കോടിയും.

2024 – 25 സാമ്പത്തിക വര്‍ഷത്തില്‍ മലബാര്‍ മേഖലയിലെ ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍വിലയായും  കാലിത്തീറ്റ സബ്‌സിഡിയായും 45 കോടി രൂപ മില്‍മ ഇതുവരെ അനുവദിച്ചിട്ടുണ്ട്.  പ്രഖ്യാപിച്ച അധിക പാല്‍വിലയായ 9 കോടി രൂപ കൂടി ചേര്‍ത്താല്‍ ഈ സാമ്പത്തിക വര്‍ഷം  54 കോടി രൂപ മലബാറിലെ ക്ഷീര കര്‍ഷകരിലേക്ക് എത്തിച്ചേരുമെന്ന്  മില്‍മ ചെയര്‍മാന്‍ കെ എസ് മണി, മാനേജിംഗ് ഡയറക്ടര്‍ കെ സി ജെയിംസ് എന്നിവര്‍ അറിയിച്ചു.