കോഴിക്കോട്: മൂന്ന് പഞ്ചായത്തുകളെയും മൂന്ന് നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന എടച്ചേരി വെങ്ങോളി പാലം യാഥാർത്ഥ്യമായി. വടകര മാഹി കനാലിനു കുറുകെ നിർമ്മിച്ച പാലം ഏറാമല പഞ്ചായത്തിലെ കാർത്തികപ്പള്ളിയെയും പുറമേരി എടച്ചേരി പഞ്ചായത്തുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇടത് കരയിൽ വടകര മണ്ഡലവും വലതുകരയിൽ കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളുമാണ് ഉൾപ്പെടുന്നത്.
ചെറിയ വാഹനങ്ങൾക്കു മാത്രം കടന്നു പോകാവുന്ന വളരെ ഇടുങ്ങിയ ഒരു പാലമാണ് നേരത്തെ ഇവിടെ ഉണ്ടായിരുന്നത്. പുതിയ പാലം പൂർത്തിയായതോടെ എടച്ചേരി, പുറമേരി നാദാപുരം ഭാഗങ്ങളിലുള്ളവർക്ക് വടകര, വില്ല്യാപ്പള്ളി ഭാഗങ്ങളിലേക്കും തിരിച്ചും വളരെ എളുപ്പത്തിൽ എത്തിച്ചേരാനുള്ള ഒരു മാർഗ്ഗമാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്. വടകര മാഹി കനാലിന്റെ നിർമ്മാണം പൂർത്തിയായി ജലഗതാഗതം താമസിയാതെ ആരംഭിക്കുന്നതോടെ ബോട്ട് ജെട്ടികൾ ഉൾപെടെയുള്ള അനുബന്ധ സൗകര്യങ്ങളും നടപ്പാക്കാൻ സാധ്യതയുള്ളതിനാൽ പാലം യാഥാർത്ഥ്യമായതോടെ പ്രദേശത്തെ ടൂറിസം സാധ്യതയും വർദ്ധിപ്പിക്കുന്നു.
ദേശീയ ജലപാത മാനദണ്ഡമനുസരിച്ച് ജലയാനങ്ങർക്കു കടന്നുപോകാനായി ജലനിരപ്പിൽ നിന്നും ഒമ്പത് മീറ്റർ ഉയരത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. കനാൽ ബണ്ട് റോഡിലൂടെ വാഹനങ്ങൾക്ക് കടന്നു പോകുന്നതിനായി ഇരുഭാഗത്തും രണ്ട് അണ്ടർ പാസുകളോടെയും നിർമ്മിച്ച ഈ പാലത്തിന് മൊത്തം 62 മീറ്റർ നീളമുണ്ട്. ഏഴ് മീറ്റർ വീതിയിൽ റോഡും ഇരുവശത്തും ഫുട്പാത്ത് ഉൾപെടെ പാലത്തിന് 11.30 മീറ്റർ വീതിയാണുള്ളത്. പാലവും അപ്രോച്ച് റോഡും രണ്ട് അണ്ടർ പാസുകളും ഉൾപെടെയുള്ള പ്രവൃത്തിക്ക് 17.26 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച പാലം ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചിട്ടാണ് നിർമ്മിച്ചിട്ടുള്ളത്. കനാലിൻ്റെ ഇരുകരകളിലുമായി 351 മീറ്റർ ദൈർഘ്യത്തിൽ അപ്രോച്ച് റോഡുകളുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. അപ്രോച്ച് റോഡിന് വേണ്ടി ഏറാമല എടച്ചേരി, പുറമേരി വില്ലേജുകളിലായി ആകെ 46 സെന്റ് സ്ഥലം ഏറ്റെടുത്തിരുന്നു.
പാലം നാളെ (ഫെബ്രുവരി 20 ) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നാടിന് സമർപ്പിക്കും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ മുഖ്യാതിഥികളാവും. എംഎൽഎ ഇ കെ വിജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം പി കെ മുരളീധരൻ, എംഎൽഎമാരായ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ കെ രമ എന്നിവർ സംബന്ധിക്കും. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും പരിപാടിയിൽ പങ്കെടുക്കും
വെങ്ങോളി പാലം യാഥാർഥ്യമാകുന്നു; പാലം 20ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

