കോഴിക്കോട്: ഇ എം എസ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യൻ വിമൻസ് ലീഗിൽ ഗോകുലം വനിതാ ടീം ഒഡിഷ എഫ് സിയെ നേരിടും. നിലവിലെ ചാമ്പ്യൻ ടീമായ ഗോകുലത്തിന് കിരീട പോരാട്ടത്തിലേക്ക് നിർണായകമാവുന്ന മാച്ച് ആണ് ഇന്നത്തേത്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് ഒഡിഷ ഇപ്പോൾ. രണ്ടാമതുള്ള ഗോകുലത്തിന് വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമില്ല. ഇന്ത്യൻ താരമായ സൗമ്യയും വിദേശ സ്‌ട്രൈക്കർ ഫസീല ഇക്വപുടുമാണ് ഗോകുലത്തിന്റെ ലീഡിങ് ഗോൾ സ്കോറർമാർ (5 ഗോൾ ). അത്രയും തന്നെ ഗോൾ നേടിയിട്ടുള്ള വിദേശ സ്‌ട്രൈക്കർ വിൻ തേൻങ്കി റ്റുങ് ലാണ് ഒഡിഷയുടെ പ്രതീക്ഷ. മത്സരം 3 :30 ന് മുതലാണ്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിലും മത്സരം തത്സമയം കാണാവുന്നതാണ്.
ഐ ലീഗ് ഫേസ് ടു വിലെ ഗോകുലത്തിന്റെ ആദ്യ മത്സരത്തിന് പുരുഷ ടീം ഇന്ന് കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ പന്തു തട്ടും. രാത്രി 7 നാണ് മത്സരം. ഐ ലീഗിൽ നിലവിൽ പതിനൊന്ന് മാച്ചുകളിൽ നിന്ന് പതിനാറു പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഗോകുലം. ആറാം സ്ഥാനക്കാരായ ഇന്റർ കാശിയാണ് എതിരാളികൾ, അടിമുടി മാറ്റങ്ങളുമായിറങ്ങുന്ന ഗോകുലത്തിന് ഇന്റർകാശിയെ തരണം ചെയ്യാനായാൽ കിരീട പോരാട്ടത്തിലേക്ക് തിരിച്ചെത്താനായേക്കും ‘ ഗോകുലം കേരള എഫ് സിയിൽ സെർബിയൻ താരം നിക്കോളയും, സ്പാനിഷ് പ്ലെയറായ ജോനാഥൻ വിയേരയും ഒഡിഷ എഫ് സിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ലാൽ റിംസങ്ങയും ചേർന്നിരുന്നു.
ഗോകുലം പുരുഷ- വനിതാ ടീമുകൾ ഇന്ന് മത്സരിക്കും

