വനിതാ കമ്മീഷന്‍ പട്ടികവര്‍ഗ മേഖല ക്യാമ്പ് നാളെ മുതൽ വാണിമേലില്‍


കോഴിക്കോട്: പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ മേഖല ക്യാമ്പ് ഫെബ്രുവരി ഏഴിനും എട്ടിനും വാണിമേല്‍ ഗ്രാമപഞ്ചായത്തില്‍ നടക്കും.

ഏഴിന് രാവിലെ ഒന്‍പതിന് വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങാട് പന്നിയേരി കോളനി വനിതാ കമ്മീഷന്‍ സന്ദര്‍ശിക്കും. രാവിലെ 11ന് പന്നിയേരി കോളനിയില്‍ നടക്കുന്ന ഏകോപന യോഗം വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.

കമ്മീഷന്‍ അംഗം വി ആര്‍ മഹിളാമണി, എലിസബത്ത് മാമ്മന്‍ മത്തായി, പി കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ സബീന ബീഗം, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ ശ്രീജ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ, മെമ്പര്‍ ജാന്‍സി എന്നിവര്‍ സംസാരിക്കും. വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന ചര്‍ച്ച നയിക്കും.

ഫെബ്രുവരി എട്ടിന് രാവിലെ 10ന് വിലങ്ങാട് സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി ഉദ്ഘാടനം ചെയ്യും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷത വഹിക്കും. കമ്മീഷന്‍ അംഗങ്ങൾ ഉൾപ്പെടെയുള്ളവര്‍ സംസാരിക്കും.

‘പട്ടികവര്‍ഗ മേഖലയിലെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍’ എന്ന വിഷയം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ് സലീഷും ‘ലഹരിയുടെ കാണാക്കയങ്ങള്‍’ എന്ന വിഷയം റിട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് നൊച്ചാടും അവതരിപ്പിക്കും.