ഐഎംഎ സി.ജി.പി ക്ക് വീണ്ടും ദേശീയ അംഗീകാരം
കോഴിക്കോട് ഐ.എം.എ യുടെ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷനേഴ്സ് വിഭാഗത്തിന് (സി.ജി.പി) ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചു. 2025-2026 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. ഡോ. കെ സന്ധ്യാ കുറുപ്പ് കോഴിക്കോട് ഐ.എം.എ ബ്രാഞ്ച് പ്രസിഡന്റും ഡോ. പി രഞ്ജിത്ത് ബ്രാഞ്ച് സെക്രട്ടറിയുമായ കഴിഞ്ഞ വർഷം സി.ജി.പി യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അസിസ്റ്റന്റ് ഡയറക്ടറായ ഡോ.പി നൗഫിറയും സെക്രട്ടറിയായ ഡോ.ജി ആർ ജിതിനുമായിരുന്നു. ജനറൽ പ്രാക്ടീഷനേഴ്‌സിന് വേണ്ടി നടത്തിയ നിരവധി തുടർ വിദ്യാഭ്യാസ പരിപാടികളും പാനൽ ചർച്ചകളും ശില്പശാലകളും മറ്റു പ്രവർത്തനങ്ങളുമാണ് ഈ പുരസ്കാരത്തിന് അർഹമാക്കിയത്.
നവംബർ 28,29 തിയ്യതികളിൽ മുംബൈയിലെ ജുഹുവിലുള്ള വെസ്റ്റ് മുംബൈ ഐ.എം.എ ഹാളിൽ വെച്ച് നടന്ന സി.ജി.പിയുടെ ദേശീയ സമ്മേളനത്തിൽ (GPCON 2026) രാജ്യത്തെ 4 മികച്ച സി.ജി.പി സബ് ഫാക്കൽട്ടികൾക്ക് പുരസ്കാരങ്ങൾ നൽകി. ഐ.എം.എ ദേശീയ ജനറൽ സെക്രട്ടറി ഡോ. സർബാരി ദത്തയിൽ നിന്ന് ഡോ. പി നൗഫിറയും ഡോ.ജി ആർ.ജിതിനും കോഴിക്കോട് ഐ എം എ സി.ജി.പിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. തുടർച്ചയായ മൂന്നാം തവണയാണ് കോഴിക്കോട് ഐ എം എ സി ജി പി ഈ അപൂർവ നേട്ടത്തിന് അർഹമാവുന്നത്.
ഈ മാസം തുടക്കത്തിൽ വർക്കലയിൽ നടന്ന ഐ.എം.എ യുടെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാനത്തെ മികച്ച സി.ജി.പി ബ്രാഞ്ചിനുള്ള ഒന്നാം സ്ഥാനം കോഴിക്കോട് ബ്രാഞ്ചിന് ലഭിച്ചിരുന്നു.