അൺസങ് ഹീറോസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു
കോഴിക്കോട്: ഗോത്രസമൂഹങ്ങളുടെ ക്ഷേമം, ശാക്തീകരണം, സാമൂഹിക-സാംസ്കാരിക പുരോഗതി തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനായി, ധീര ഗോത്ര സ്വാതന്ത്ര പോരാളി ഭഗവാൻ ബിർസ മുണ്ടയുടെ ജന്മ ദിനാഘോഷവുമായി ബന്ധപ്പെട്ടു നടത്തുന്ന ജൻജാതിയ ഗൗരവ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി, ഏർപ്പെടുത്തിയ അൺസങ് ഹീറോസ് പുരസ്കാരങ്ങൾ 2026 വിതരണം ചെയ്തു. നവംബർ 15-ന് കോഴിക്കോട് ചേവായൂരിലുള്ള കിർടാഡ്സ് (KIRTADS) ക്യാമ്പസിൽ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ധീരമായ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഗോത്രവർഗ സ്വാതന്ത്ര്യസമര സേനാനി ഭഗവാൻ ബിർസ മുണ്ടയുടെ സ്മരണാർത്ഥമാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തിലും പൊതുസമൂഹത്തിലും വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ ഗോത്രവിഭാഗങ്ങളിലെ പ്രതിഭകളെയും സാമൂഹിക പ്രവർത്തകരെയും കണ്ടെത്തി ആദരിക്കുകയും അവരുടെ വിലപ്പെട്ട സംഭാവനകൾ സമൂഹത്തിന് പരിചയപ്പെടുത്തുകയുമാണ് പുരസ്കാരത്തിന്റെ പ്രധാന ലക്ഷ്യം.
ഗോത്രസമൂഹങ്ങളുടെ സാമൂഹിക ശാക്തീകരണം, വിദ്യാഭ്യാസം, കല, സാഹിത്യം, സംസ്കാരം, പരമ്പരാഗത വിജ്ഞാനം, സാമൂഹിക സേവനം, ഗോത്രാവകാശ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. ഗോത്രസമൂഹങ്ങളുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് ഗോത്രവിഭാഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ സംഭാവനകൾ പരിചയപ്പെടുത്തുന്നതിനും പുരസ്കാര സമർപ്പണം ലക്ഷ്യമിടുന്നു.
പുരസ്കാര സമർപ്പണ ചടങ്ങിനു മുന്നോടിയായി രാവിലെ 9 ന് ധീര ഗോത്ര സ്വാതന്ത്ര്യ സമര സേനാനികൾക് പുഷ്പാർച്ചന നടത്തി. പുരസ്കാര ചടങ്ങിന് കിർടാഡ്സ് ട്രെയിനിംഗ് വിംഗ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രദീപ് കുമാർ കെ.എസ്. സ്വാഗതം ആശംസിച്ചു. കിർടാഡ്സ് ഡയറക്ടർ ഡോ. എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ. പ്രമോദ് പി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആസൂത്രണ ബോർഡിലെ സോഷ്യൽ സർവീസ് ഡിവിഷൻ ചീഫ് ഡോ. ബിന്ദു പി. വർഗീസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഡെവലപ്മെന്റ് സ്റ്റഡീസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സന്ധ്യ ശേഖർ, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രതിനിധി ശ്രീ. രതീഷ് കാട്ടുമാടം എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ പ്രദീപ് കുമാർ കെ എസ്, നെൽസൺ ടി എന്നിവർ തയ്യാറാക്കിയ, ബിന്ദു എസ് എഡിറ്റ് ചെയ്ത ഇന്ത്യയിലെ ഗോത്ര സ്വാതന്ത്ര്യ സമര സേനാനികൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.
കിർടാഡ്സ് ലക്ചറർ ദീപ എസ്. നന്ദി രേഖപ്പെടുത്തി.
സുകുമാരൻ ചാലിഗദ്ധ രാമചന്ദ്രൻ കണ്ടമല, വേലായുധൻ പി.വി., ഒ.കെ. പ്രഭാകരൻ, ഡോ. നിധീഷ് കുമാർ, ബാലൻ എം.എ., ലിജിന കടുമേനി, പ്രദീപ് ഗുരുക്കൾ , അശോകൻ കാണി എം., ബിന്ദു എം., ചെമ്പൻകോട് മണികണ്ഠൻ, വി.പി. ഐത്തപ്പ, മുരുകേശൻ എസ്.വി., അനീഷ് പി. സോമൻ എന്നിവരാണ് പുരസ്കാര ജേതാക്കൾ.
ഓരോ പുരസ്കാര ജേതാവിനും 10,000 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും മെമന്റോയും നൽകി ആദരിച്ചു.
ഗോത്രസമൂഹങ്ങളിലെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന വ്യക്തിത്വങ്ങളുടെ സംഭാവനകൾക്ക് അർഹമായ അംഗീകാരം ലഭ്യമാക്കുന്നതിനും ഗോത്രസമൂഹങ്ങളുടെ ചരിത്രവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിനും ഈ പുരസ്കാര സംരംഭം പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.