‹

കോഴിക്കോടിന്റെ സമഗ്ര വികസനത്തിന് നിർദേശങ്ങൾ

പതിനഞ്ചാം പഞ്ചവത്സര പദ്ധതി
കോഴിക്കോട്:2027-ൽ ആരംഭിക്കുന്ന പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാന ആസൂത്രണ ബോർഡ് കോഴിക്കോട്ട് സംഘടിപ്പിച്ച ജില്ലാതല ആശയ രൂപീകരണ യോഗത്തിൽ ജില്ലയുടെ സമഗ്ര വികസനത്തിനായി നിർണായക നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ജനപ്രതിനിധികൾ. അടിസ്ഥാന സൗകര്യ വികസനം, കാർഷിക-വ്യാവസായിക മുന്നേറ്റം, ടൂറിസം സാധ്യതകൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന നിരവധി പദ്ധതികളാണ് ജനപ്രതിനിധികൾ യോഗത്തിൽ അവതരിപ്പിച്ചത്.

കോഴിക്കോടിൻ്റെ അഞ്ച് പ്രധാന വികസന പരിഗണനകളിൽ മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിലെ വികസന ആസൂത്രണം ഇടംപിടിക്കണമെന്ന് യോഗാധ്യക്ഷനായ അഡ്വ. വി.കെ ഫൈസൽ ബാബു എം.എൽ.എ ആവശ്യപ്പെട്ടു.

ബേപ്പൂർ പോർട്ട്‌ മുതൽ കോഴിക്കോട് മെട്രോ വരെ

ബേപ്പൂർ പോർട്ട്‌ വികസനം, കോഴിക്കോട് മെട്രോ, ബേപ്പൂർ -ലക്ഷദ്വീപ് യാത്ര സർവീസ് സ്ഥാപിക്കൽ, കുറ്റ്യാടിയിൽ നാളികേര പാർക്ക്‌ സ്ഥാപിക്കൽ തുടങ്ങി ജില്ലയിലെ നിരവധി വികസന പദ്ധതികളും ആശയങ്ങളും എം കെ രാഘവൻ എം പി പഞ്ചവത്സര പദ്ധതിയുടെ ആശയ രൂപീകരണ യോഗത്തിൽ മുന്നോട്ട് വച്ചു.

കോഴിക്കോട് കിനാലൂരിൽ എയിംസിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് തയ്യാറായിക്കഴിഞ്ഞു. കേരളത്തിന്റെ പൊതുവായ ഈ ആവശ്യം യാഥാർത്ഥ്യമാക്കാൻ ആസൂത്രണ ബോർഡ് മുൻകൈയെടുക്കണമെന്നും രാഘവൻ എംപി പറഞ്ഞു.

കിനാലൂർ വ്യവസായ പാർക്ക് വിപുലീകരിക്കാൻ കൂടുതൽ ഭൂമി ഏറ്റെടുക്കണം. ഒരു കാലത്ത് ഏഷ്യയിലെ വലിയ വ്യവസായ കേന്ദ്രമായിരുന്ന മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ വീണ്ടും വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള ചർച്ചകൾക്ക് സർക്കാർ തലത്തിൽ തീരുമാനമുണ്ടാക്കാൻ ആസൂത്രണ ബോർഡ് ഇടപെടണം.

സബർമതി മാതൃകയിൽ കനോലി കനാലിന്റെ ഇരുവശങ്ങളും സൗന്ദര്യവൽക്കരിക്കുകയും, വിനോദസഞ്ചാരത്തിനും ജലഗതാഗതത്തിനും ഉതകുന്ന രീതിയിൽ വികസിപ്പിക്കുകയും വേണം. കൃഷിയിൽ നവീന സാങ്കേതികവിദ്യകളും സ്മാർട്ട് ഫാമിംഗും നടപ്പിലാക്കണം. നാളികേരത്തിന്റെ നൂറിലധികം ഉപോൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി കോഴിക്കോട് പാർക്ക് യാഥാർത്ഥ്യമാക്കുകയും, ആധുനിക ഫുഡ് പ്രോസസിംഗ് യൂണിറ്റുകളും സ്റ്റോറേജ് സൗകര്യങ്ങളും ഒരുക്കുകയും വേണമെന്നും എം പി കൂട്ടിച്ചേർത്തു.

സേവന മേഖലയിൽ പൂർണ്ണമായ ഡിജിറ്റൽവൽക്കരണം നടപ്പിലാക്കണം. നഗരത്തിനായി സമഗ്ര ട്രാഫിക് മാസ്റ്റർ പ്ലാനും റോഡ് വികസനവും നടപ്പിലാക്കണം. താഴെത്തട്ടിൽ നിന്നുള്ള ആസൂത്രണത്തോടൊപ്പം, ഓരോ പ്രദേശത്തും നിക്ഷേപം നടത്താൻ തയ്യാറായി വരുന്ന സംരംഭകർക്ക് മുൻഗണനയും അംഗീകാരവും പ്രോത്സാഹനവും നൽകണമെന്നും എം പി അഭിപ്രായപ്പെട്ടു.

ശാരീരിക പരിമിതികൾ നേരിടുന്ന കുട്ടികളെയും ചേർത്ത് നിർത്തിയുള്ള വികസനം

ശാരീരിക പരിമിതികളും വെല്ലുവിളികളും നേരിടുന്ന കുട്ടികൾക്ക് ബഡ്‌സ് സ്കൂളിന് അപ്പുറത്തേക്കുള്ള ഒരു സാധ്യത സൃഷ്ടിക്കണമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. അവരുടെ സംരക്ഷണത്തിനും കുട്ടികളുടെ മാതാപിതാക്കളുടെ ആശങ്കകളും നമ്മൾ മനസ്സിലാക്കണം,
മലബാറിൽ ഒരു അന്താരാഷ്ട്ര സ്റ്റേഡിയം സൃഷ്ടിക്കണം, മലബാറിന്റെ പ്രധാന കായിക ഇനമായ കളരിയെ ലോക ശ്രദ്ധയിൽ എത്തിക്കാനുള്ള സാധ്യതകൾ തേടണം, കേരളത്തിന്റെ ടൂറിസം സാധ്യതകൾക്ക് പുതിയ വേദികൾ തേടണം, എ ഐ സാധ്യതകൾ കൊണ്ടുവരുമ്പോൾ മലബാറിനും പ്രാധാന്യം നൽകണം, കരിപ്പൂർ വിമാനത്താവളം കൂടുതൽ നവീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ എം പി മുന്നോട്ടുവച്ചു.

കാലാനുസൃതമായ മാറ്റങ്ങൾക്ക് ഉതകുന്ന നിയമങ്ങൾ കേരളത്തിന്റെ നിയമനിർമ്മാണ സഭയിൽ പാസാക്കി മുന്നോട്ടു പോകുന്ന ഒരു കാലഘട്ടമാണിത്.
നഗര-ഗ്രാമ വ്യത്യാസം പലയിടങ്ങളിലും പ്രകടമായി കാണുന്ന ജില്ലയാണ് നമ്മുടേത്. കോഴിക്കോട് നഗരത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളുടെ വികസന സാധ്യതകൾ ഇതുവരെ വേണ്ടവിധം ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ല. ആ കൂട്ടത്തിൽപ്പെട്ട ഇടങ്ങളാണ് നാദാപുരവും കുറ്റ്യാടിയുമെന്ന് കെ എം അഭിജിത്ത് എംഎൽഎ പറഞ്ഞു.

വയനാടുമായി ഏറ്റവും എളുപ്പത്തിൽ കണക്ടിവിറ്റി ഉണ്ടാക്കാൻ കഴിയുന്ന ഒരു റോഡാണ് വിലങ്ങാട് നിന്ന് കുഞ്ഞോമിലേക്കുള്ള റോഡ്. സാമ്പത്തികമായോ, പാരിസ്ഥിതികമായോ, സാമൂഹികമായോ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാത്ത ഏറ്റവും സാധ്യതയുള്ള റോഡാണത്. കേവലം ഏഴ് കിലോമീറ്ററിനുള്ളിൽ, വെറും 10 മിനിറ്റ് കൊണ്ട് വിലങ്ങാടിനെയും വയനാടിനെയും തമ്മിൽ ബന്ധിപ്പിക്കാൻ ഈ റോഡ് നിലവിൽ വന്നാൽ സാധിക്കും. കേരളത്തെയും മലബാറിനെയും കർണാടകയുമായും ബാംഗ്ലൂരുമായും എളുപ്പത്തിൽ ബന്ധിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറ്റ്യാടി ചുരം മുതൽ കോഴിക്കോട് വരെ നീളുന്ന വീതിയേറിയ സാമ്പത്തിക ഇടനാഴി

സ്വകാര്യ പങ്കാളിത്തത്തോടെ കുറ്റ്യാടി ചുരം മുതൽ കോഴിക്കോട് വരെ നീളുന്ന വീതിയേറിയ സാമ്പത്തിക ഇടനാഴി രൂപീകരിക്കണമെന്ന് ഫാത്തിമ തഹ്ലിയ എംഎൽഎ പറഞ്ഞു. ടൂറിസം സാധ്യതയുള്ള പ്രദേശങ്ങൾ, പ്രധാന റെയിൽവേ സ്റ്റേഷനുകൾ, തുറമുഖങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന രീതിയിലാകണം ഇതിന്റെ വികസനം, പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് വികസനം -1990-ൽ മന്ത്രിസഭാ അനുമതി ലഭിച്ചതും നിലവിൽ നാലാമതൊരു അലൈൻമെന്റ് ചർച്ചയിലുള്ളതുമായ ഈ പാത എത്രയും വേഗം യാഥാർത്ഥ്യമാക്കണം. ഈ റോഡിലൂടെ കേരള-കർണാടക കണക്ടിവിറ്റി എളുപ്പമാകും. പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം മേഖലകളുടെ വികസനത്തിന് വലിയ കുതിച്ചുചാട്ടമാകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
തരിശുഭൂമി വിനിയോഗവും കാർഷിക വികസനവും, മലബാറിന്റെ നെല്ലറയായ ആവളപ്പാണ്ടി, കരുവോട് ചിറ തുടങ്ങിയ പ്രദേശങ്ങളെ കയറ്റുമതി നിലവാരത്തിലുള്ള കാർഷിക കേന്ദ്രങ്ങളാക്കി മാറ്റുക, ഗ്രാമീണ ടൂറിസം സാധ്യതകൾ, പുതുതലമുറയ്ക്ക് അനുയോജ്യമായ ആസൂത്രണം തുടങ്ങിയ നിർദ്ദേശങ്ങൾ എംഎൽഎ പങ്കുവച്ചു.

പ്രവാസികളെയും ചേർത്ത് പിടിച്ചുള്ള വികസനം സാധ്യമാക്കണം

കേരളത്തിൽ ജനിക്കുന്ന ഓരോ കുട്ടിക്കും ഇവിടെത്തന്നെ പഠിക്കാനും ജോലി ചെയ്യാനും അവസരം ലഭിക്കുന്ന കേരളമാണ് കെട്ടിപ്പടുക്കേണ്ടതെന്ന് പ്രവീൺ കുമാർ എം എൽ എ പറഞ്ഞു. പ്രവാസലോകത്ത് പ്രതിസന്ധികൾ വരുന്ന സാഹചര്യത്തിൽ അവർക്കു നൽകേണ്ട പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെയും വയനാടുമായുള്ള ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യവും പി കെ ഫിറോസ് എം എൽ എ വിശദീകരിച്ചു. ഉൽപ്പന്നങ്ങളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള ആശയങ്ങൾ വികസിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാവൂർ റയോൺസ് ഭൂമിയിൽ വികസനം കൊണ്ട് വരേണ്ട ആവശ്യവും അദ്ദേഹം ഉന്നയിച്ചു.

വരുംകാലത്തെ സാധ്യതകൾ കൂടി ഉൾപ്പെടുത്തി നഗര വികസനം സാധ്യമാക്കണം

കേരളത്തിൽ പദ്ധതി രൂപീകരണത്തിലും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലും സാമൂഹിക പുരോഗതിയിലും പഞ്ചവത്സര പദ്ധതികൾക്ക് വലിയ പങ്കുവഹിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മേയർ ഒ. സദാശിവൻ പറഞ്ഞു.

പുതിയ കാലത്തെ നഗരവികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സാമൂഹിക സുരക്ഷാ മേഖലയിൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കായി നടപ്പാക്കുന്ന പദ്ധതികൾ തുടങ്ങിയവ കൃത്യമായി നിർവഹിക്കുന്നതിനൊപ്പം പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

അർബൻ ചലഞ്ച് ഫണ്ടിന്റെ 75 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 25 ശതമാനം കേന്ദ്ര സർക്കാരുമാണ് വഹിക്കുന്നത്. നഗരങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ തനിച്ച് ഏറ്റെടുത്ത് പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പരിമിതികളുണ്ടെന്നും വലിയ നിക്ഷേപം ലഭിച്ചാൽ മാത്രമേ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈകോർത്ത് പ്രവർത്തിച്ചാൽ മാത്രമേ നഗരവികസനം സാധ്യമാകൂ. വരുംകാലത്തെ സാധ്യതകൾ കൂടി ഉൾപ്പെടുത്തി ഇത്തരം വിഷയങ്ങളിൽ ചർച്ചകൾ നടത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

വിശപ്പ് രഹിത കോഴിക്കോട്

ജില്ലയിലെ എല്ലാ മേഖലകളിലും വികസനം വേണമെന്നും എല്ലവരെയും പരിഗണിച്ചുകൊണ്ട് മുന്നോട്ട് പോകാൻ സാധിക്കണമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മില്ലി മോഹൻ പറഞ്ഞു. വന്യജീവി ആക്രമണം, സ്കൂളുകളിലും കോളേജുകളിലും തൊഴിൽ പരിശീലനം, ഐടി പാർക്കുകൾ, ജില്ലയിൽ സ്പോർട്സ് അക്കാദമികൾ വർധിപ്പിക്കണം, വനിതാ ശക്തീകരണ പദ്ധതികൾ, വിശപ്പ് രഹിത കോഴിക്കോട്, ഹരിത കോഴിക്കോട് തുടങ്ങിയ പദ്ധതികൾ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ യോഗത്തിൽ അവതരിപ്പിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000