അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഹൈക്കോടതിയിലെ വിശിഷ്ട പദവിയുള്ള സീനിയർ അഭിഭാഷകൻ
കോഴിക്കോട്: മുൻ ഗവർണറും മുതിർന്ന അഭിഭാഷകനുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് സ്വമേധയാ വിശിഷ്ട സീനിയർ പദവി (Designated Senior Advocate) നൽകാൻ കേരള ഹൈക്കോടതി ഫുൾകോർട്ട് തീരുമാനം. നിയമരംഗത്തെ പ്രാവീണ്യവും അനുഭവസമ്പത്തും തൊഴിൽപരമായ മികവും പരിഗണിച്ചാണ് പദവി നൽകിയത്. സീനിയർ അഭിഭാഷക പദവിക്കുവേണ്ടി അപേക്ഷകൻ അല്ലാതിരുന്നിട്ടും ഹൈക്കോടതി ഫുൾകോർട്ട് അദ്ദേഹത്തിന് ഏകകണ്ഠമായി പദവി നൽകാൻ തീരുമാനിച്ചത് അത്യപൂർവ ബഹുമതിയാണ്.
നിയമരംഗത്ത് നാലുപതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള തലമുതിർന്ന അഭിഭാഷകനാണ് ശ്രീധരൻ പിള്ള. കീഴ് കോടതിമുതൽ സുപ്രീംകോടതി വരെ ഒട്ടേറെ പ്രമാദമായ കേസുകളിൽ ഹാജരായി കേസ് നടത്തിയിട്ടുള്ള ശ്രീധരൻ പിള്ളയെ കേരളത്തിൽ മാറിമാറി വന്ന സർക്കാരുകൾ പന്ത്രണ്ട് കേസുകളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച ചരിത്രമുണ്ട്. മിസോറാമിലും ഗോവയിലും ഗവർണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കേരള ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസൽ (അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ), സി.ബി.ഐ.യുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൂന്നു തവണ തുടർച്ചയായി കാലിക്കറ്റ് സർവകലാശാലയിലെ രജിസ്റ്റേർഡ് ഗ്രാജുവേറ്റ്സ് കോൺസ്റ്റിറ്റുവൻസിയിൽനിന്ന് സെനറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നിയമലേഖനത്തിനുള്ള അഡ്വ. കെ. കുഞ്ഞിരാമമേനോൻ സ്മാരക അവാർഡ്, മികച്ച പൊതുപ്രവർത്തകനുള്ള ശ്രീനാഥാശ്രമം അവാർഡ്, മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീർത്തി പുരസ്കാരം, പോപ്പ് ജോൺ പോൾ മാർപാപ്പ സ്മാരക പ്രതിഭാ പുരസ്കാരം, എൻ.എസ്.എസ്സിന്റെ ചട്ടമ്പിസ്വാമികൾ സ്മാരക അവാർഡ്, എസ്.കെ. പൊറ്റെക്കാട്ട് സാഹിത്യ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എഴുത്തുകാരൻ കൂടിയായ ശ്രീധരൻ പിള്ള കവിത-കഥ-ലേഖനസമാഹാരങ്ങൾ ഉൾപ്പെടെ 280 കൃതികളുടെ കർത്താവാണ്. നീതിയുടെ രാഷ്ട്രീയം, വധശിക്ഷ, ഭാരതത്തിന്റെ ഭരണഘടന, ചിരിയും ചിന്തയും കറുത്തകോട്ടിൽ, ഷാ കമ്മീഷൻ എക്കോസ് ഫ്രം എ ബറീഡ് റിപ്പോർട്ട്, വക്കീൽ ഡയറി തുടങ്ങിയ നിയമപുസ്തകങ്ങൾ ഇതിൽ ഉൾപ്പെടും. സാഹിത്യത്തിലും നിയമത്തിലുമായി ഇന്ത്യയിലെ മൂന്ന് സർവകലാശാലകൾ ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. 2012-ൽ കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ അഭിഭാഷകരംഗത്തെ മികച്ച സാഹിത്യകാരൻ എന്ന നിലയിൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
കോഴിക്കോട് ലോ കോളേജിൽനിന്ന് നിയമബിരുദമെടുത്താണ് അഭിഭാഷകരംഗത്തേക്ക് കടന്നുവന്നത്. കാൽനൂറ്റാണ്ടായി കേരളത്തിന്റെ പൊതുരംഗത്ത് മികച്ച മനുഷ്യാവകാശ പ്രസ്ഥാനമായി പ്രവർത്തിക്കുന്ന വിജിൽ എന്ന മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകനാണ്. ബി.ജെ.പി. കോഴിക്കോട് ജില്ലാ പ്രസിഡന്റ്, രണ്ടു തവണ സംസ്ഥാന പ്രസിഡന്റ്, ദേശീയ കൗൺസിൽ അംഗം, ലക്ഷദ്വീപ് പ്രഭാരി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
അഭിഭാഷക കുടുംബമാണ് അദ്ദേഹത്തിന്റേത്. ഭാര്യ: അഡ്വ. കെ. റീത. മക്കൾ: അഡ്വ. അർജുൻ ശ്രീധർ, ഡോ. ആര്യ അരുൺ. മരുമക്കൾ: അഡ്വ. അരുൺ കൃഷ്ണധൻ, ഡോ. ജിപ്സ.