‹

കൂടുതൽ ജനപ്രിയതയോടെ രണ്ടാം കേരള സയൻസ് സ്ലാം

കോഴിക്കോട്: 2024-ൽ നടന്ന ആദ്യ സയൻസ് സ്ലാമിന്റെ വിജയാവേശവുമായി കേരളത്തിന്റെ രണ്ടാം സയൻസ് സ്ലാം ഒരുങ്ങുന്നു. ശാസ്ത്രഗവേഷകർ  അവരുടെ കണ്ടെത്തലുകളെ സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ചുരുങ്ങിയ സമയം കൊണ്ട് വിശദീകരിക്കുന്നതാണ് സയൻസ് സ്ലാമുകൾ. യൂറോപ്പിലും മറ്റു പല വികസിതരാജ്യങ്ങളിലും പതിവുള്ള സ്ലാമുകൾ കേരളത്തിൽ കൂടുതൽ ജനകീയവും ജനപ്രിയവുമായാണു നടത്തുന്നത്. കേരള സയൻസ് സ്ലാമിലെ അന്തിമവിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങളുമുണ്ട്.

കേരളത്തിൽ ആദ്യമായി സയൻസ്ലാം സംഘടിപ്പിച്ച കേരള ശാസ്ത്രസാഹിത്യ  പരിഷത്തും അവരുടെ സയൻസ് പോർട്ടലായ ലൂക്കയും വിദ്യാഭ്യാസസംരഭമായ ക്യൂരിഫൈയുടെ സഹകരണത്തോടെ വിവിധ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ചേർന്നാണ് രണ്ടാം എഡിഷനും ഒരുക്കുന്നത്. ഇതിൽ ഫിസിക്സ്, കെമിസ്ട്രി, ജീവശാസ്ത്രം തുടങ്ങിയ മേഖലകൾക്കു പുറമേ ഗണിതം, ആരോഗ്യശാസ്ത്രം, കൃഷി തുടങ്ങിയ  വിവിധ ശാസ്ത്രവിഷയങ്ങളിൽ ഗവേഷണം നടത്തുന്ന നിരവധി യുവശസ്ത്രജ്ഞർ അവരുടെ ഗവേഷണങ്ങൾ രസകരമായ അവതരിപ്പിക്കും.

ഇക്കുറി സയൻസ് ഡാൻസും പങ്കാളിത്ത ശാസ്ത്രചിത്രകലയും സ്ലാമിനു ഹരം പകരും. പങ്കാളികൾക്കെല്ലാം ഓരോ പിക്സൽ നല്കുകയും ഓരോരുത്തരും അതിൽ ഇഷ്ടനിറത്തിൽ വരയ്ക്കുകയും ഒടുവിൽ അതെല്ലാം ചേർത്ത് ഒരു രൂപം രചിക്കുകയും ചെയ്യുന്നതാണ് പങ്കാളിത്ത ശാസ്ത്രചിത്രരചന. എല്ലാ കേന്ദ്രത്തിലും ഇതു നടക്കും.

‘സയൻസിന്റെ വെടിക്കെട്ട്’ എന്ന ടാഗ് ലൈനോടെ സംഘടിപ്പിച്ച ആദ്യ സയൻസ് സ്ലാമിനെ കേരളത്തിലെ ഗവേഷകരും ശാസ്ത്രകുതുകികളും വിദ്യാർത്ഥികളും ആവേശത്തോടെയാണ് സ്വീകരിച്ചത്. കേൾവിക്കാരായി പങ്കെടുത്ത വിദ്യാർത്ഥികൾക്കും സാധാരണജനങ്ങൾക്കും അത് ഏറെ കൗതുകവും വിജ്ഞാനവും പകർന്നു. സയൻസ് അറിയുന്നവരും അറിയാത്തവരുമായ പ്രേക്ഷകർക്ക് ഒരുപോലെ ഹൃദ്യമായിരുന്നു അവതരണങ്ങൾ.

കമ്പ്യൂട്ടർ പ്രസന്റേഷൻ കൂടാതെ നടത്തേണ്ട അവതരണങ്ങളിൽ ആംഗ്യവും അഭിനയവും നർമ്മവും അവതാരകർക്ക് ഉപയോഗപ്പെടുത്താം; നൃത്തം പോലും. പ്രേക്ഷകരെ പിടിച്ചിരുത്തുക, അവരെ മനസിലാക്കിക്കുക എന്നിവയാണു പ്രധാനം. ഇക്കുറി മുൻകൂട്ടി രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന പ്രേക്ഷകർക്കും അവതരണങ്ങൾ വിലയിരുത്തി മാർക്കിടാം. എങ്കിലും, അക്കാദമികവിദഗ്ദ്ധരടങ്ങുന്ന ജൂറിയുടെ വിധിക്കാണു മുൻതൂക്കം.

കേരള സയൻസ് സ്ലാമിന്റെ രണ്ടാം പതിപ്പ് 2026 നവംബർ, ഡിസംബർ മാസങ്ങളിലാണ്. ആദ്യഘട്ടം നാലു മേഖലാതല സയൻസ് സ്ലാമുകൾ നവംബർ 7–ന് എറണാകുളം മഹാരാജാസ് കോളേജ്, 14–ന് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ്, 21–നു തൃശ്ശൂർ സെന്റ് മേരീസ് കോളെജ്, 28–ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കോളെജ് എന്നിവിടങ്ങളിൽ നടക്കും. സ്ലാമിന്റെ ഫൈനൽ ഡിസംബർ 12-ന് കോഴിക്കോട് ഫാറൂഖ് കോളെജിലാണ്.

സെപ്റ്റംബർ 15-നു തുടങ്ങിയ രജിസ്ട്രേഷൻ ഒക്ടോബർ 15-ന് അവസാനിച്ചു. വിഷയസംഗ്രഹം പരിശോധിച്ച് അവതരണത്തിനു തെരഞ്ഞെടുത്തവരുടെ പട്ടിക ഒക്ടോബർ 25-നു പ്രസിദ്ധീകരിക്കും. തെരഞ്ഞെടുക്കുന്നവർക്ക് ഒക്ടോബർ 28, 29  ദിവസങ്ങളിൽ ഓൺലൈൻ ഓറിയന്റേഷൻ ക്ലാസ് നല്കും. പ്രേക്ഷകരായി പങ്കെടുക്കാനും രജിസ്റ്റർ ചെയ്യണം. അത് ഒക്ടോബർ 20-ന് ആരംഭിച്ചു. വിവരങ്ങളും രജിസ്ട്രേഷനുമെല്ലാം https://scienceslam.in എന്ന വെബ്‌സൈറ്റിലാണ്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000