കൈയോട് കൈ: മാലിന്യരഹിത പുതുയുഗ കേരളം ക്യാമ്പയിന് സെപ്റ്റംബർ 17ന് തുടക്കം

കോഴിക്കോട്: “മാലിന്യരഹിത പുതുയുഗ കേരളത്തിനായി കൈകോർക്കാം” എന്ന സന്ദേശമുയർത്തി സംസ്ഥാനത്ത് നടപ്പാക്കുന്ന ‘കൈയോട് കൈ’ ക്യാമ്പയിനും മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘സ്വച്ഛത ഹി സേവ’ ക്യാമ്പയിനും സെപ്റ്റംബർ 17ന് തുടക്കമാകും. ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലും വിപുലമായ ശുചിത്വ-ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തി ശുചീകരിക്കുന്നതിനൊപ്പം പൊതുസ്ഥലങ്ങൾ, പൊതുസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലും പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. മാലിന്യസംസ്കരണ രംഗത്ത് ജനപങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും മാലിന്യരഹിത പൊതുഇടങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ഖരമാലിന്യ പരിപാലന ചട്ടം 2026 സംബന്ധിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകുന്നതിനായി സ്കൂളുകളിൽ വിവിധ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. വൃത്തിയുള്ള ചുറ്റുപാട് ആരോഗ്യമുള്ള സമൂഹത്തിന്റെ അടിസ്ഥാനമാണെന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കുന്നതിനായി അശാസ്ത്രീയ മാലിന്യസംസ്കരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പയിനുകളും സംഘടിപ്പിക്കും.

സ്കൂൾ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ, ടൂറിസം കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചുള്ള ശുചിത്വ-ബോധവൽക്കരണ പ്രവർത്തനങ്ങൾ, വിവിധ ജനകീയ ക്യാമ്പയിനുകൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയും ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ നടത്തും.

വിവിധ മേഖലകളിലെ ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ക്യാമ്പയിൻ വിജയകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ  ജി വി പ്രമോദ് അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000