കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പ്രസ്‌താവന അപലപനീയം
കോഴിക്കോട്: സ്ത്രീകൾ പൊതുവേദിയിൽ വരേണ്ടെന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന തീർത്തും
അപലപനീയമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി. മതത്തിൻ്റെ മറവിൽ
സ്ത്രീവിരുദ്ധ
ആശയങ്ങൾ
സമൂഹത്തിൽ അടിച്ചേൽപ്പിക്കാനുള്ള
ശ്രമമാണിത്.
കേരളീയ സമൂഹത്തിലെ
സ്ത്രീമുന്നേറ്റം ലോകത്തിനു മാതൃകയാണ്. സാമൂഹ്യ ജീവിതത്തിൻ്റെ സകല തലങ്ങളിലും സ്ത്രീകളുടെ നേതൃത്വവും
സാന്നിധ്യവുമുണ്ട്. വിദ്യാഭ്യാസ കലാ സാഹിത്യ സാംസ്കാരിക
രംഗങ്ങളിലെ സ്ത്രീമുന്നേറ്റം ആഹ്ലാദകരമാണ്.
മതവർഗ്ഗീയസംഘടനകളും,മതമൗലികവാദികളും
പല സന്ദർഭങ്ങളിലും ഇത്തരം ജീർണ്ണ ആശയങ്ങൾ ഉയർത്തികൊണ്ടുവന്നിട്ടുണ്ട്. ഡൽഹിയിലെ നിർഭയ സംഭവത്തിൻ്റെ
കാലത്ത് പീഡിപ്പിക്കപ്പെട്ട ആ പെൺകുട്ടിക്കെതിരെ സമാനമായ
വാദഗതികളാണ് ഹിന്ദുത്വ വർഗീയവാദികൾ മുന്നോട്ടുവെച്ചത്.
സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെ
സകല മത വർഗീയ മൗലികപ്രസ്ഥാനങ്ങളും
ലോകം തള്ളിക്കളഞ്ഞ
ഇടുങ്ങിയ, മൂർച്ച കുറഞ്ഞ
ആശയങ്ങളാണ് സമൂഹത്തിൽ പ്രചരിപ്പിക്കുന്നത്.
കാന്തപുരത്തിൻ്റെ പ്രസ്താവനയെ കേരളീയ
സമൂഹം തള്ളിക്കളയും.
കാരണം സാമൂഹ്യ സാംസ്കാരിക രംഗത്ത് അത്രമേൽ പുരോഗതി നേടിയ ഇടമാണ് കേരളം.
രാജ്യം ഭരിക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ ആക്രമണം നേരിടുന്ന മുസ്ലീം സമൂഹത്തെ അകത്തുനിന്ന് പ്രതിരോധത്തിലാക്കുന്ന സമീപനമാണ് കാന്തപുരം ഇവിടെ സ്വീകരിച്ചത്.
മലയാളി മനസ്സിൽ ജീർണ
ആശയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള
പുനരുത്ഥാനവാദികളുടെ
ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന്
പുരോഗമന കലാസാഹിത്യ സംഘം അഭ്യർത്ഥിച്ചു.