ഓണത്തിരക്ക്: കൊയിലാണ്ടിയില്‍ ഗതാഗത നിയന്ത്രണവും സൗജന്യ പാര്‍ക്കിങ് സൗകര്യവും
കോഴിക്കോട്: ഓണാഘോഷങ്ങളുടെ ഭാഗമായി കൊയിലാണ്ടി നഗരത്തിലെ തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷയും അടിയന്തര സേവന വാഹനങ്ങളുടെ സുഗമമായ യാത്രയും ഉറപ്പാക്കുന്നതിനുമായി ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
കൊയിലാണ്ടി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഓഗസ്റ്റ് 24 മുതല്‍ കുറഞ്ഞത് നാല് ദിവസത്തേക്ക് സൗജന്യ പാര്‍ക്കിങ് സൗകര്യം ഒരുക്കാന്‍ കൊയിലാണ്ടി നഗരസഭക്ക് നിര്‍ദേശം നല്കി. ഓണ ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളില്‍ കൊയിലാണ്ടി നഗരത്തിലൂടെ ലോറികള്‍, മള്‍ട്ടി ആക്സില്‍ ട്രെയിലറുകള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങളുടെ പ്രവേശനവും സഞ്ചാരവും നിയന്ത്രിക്കും. പൊതുഗതാഗതത്തില്‍ ഉള്‍പ്പെട്ട ബസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.
കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ തിരക്കേറിയ സമയങ്ങളില്‍ ചെങ്ങോട്ടുകാവ് ദേശീയപാതക്ക് സമീപമുള്ള നിര്‍ദിഷ്ട ഹോള്‍ഡിങ് ബേകളില്‍ പാര്‍ക്ക് ചെയ്യണം. കണ്ണൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ഭാരവാഹനങ്ങള്‍ പയ്യോളിക്ക് സമീപമുള്ള നിര്‍ദിഷ്ട സ്ഥലങ്ങളില്‍ നിയന്ത്രിതമായി പാര്‍ക്ക് ചെയ്യണം.
നഗരസഭ, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവ ഏകോപിച്ച് ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും പൊതുജനങ്ങള്‍ക്ക് വ്യക്തമായ അറിയിപ്പുകള് നല്‍കുകയും വേണം. ഉത്തരവ് ലംഘിച്ചാല്‍ ദുരന്തനിവാരണ നിയമം 2005ലെ ബന്ധപ്പെട്ട വകുപ്പുകളുടെയും മോട്ടോര്‍ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തില്‍ നടപടിയെടുക്കും.