കോഴിക്കോട് തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ബീച്ചുകളിൽ പ്രവേശനം നിരോധിച്ചു
കോഴിക്കോട്: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കും ഓഗസ്റ്റ് 19ന് രാത്രി 12 മണി മുതൽ ഓഗസ്റ്റ് 20ന് രാത്രി 12 മണി വരെ പ്രവേശനം നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവായി. വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും കച്ചവടക്കാർക്കും ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കില്ല. കടലിൽ കുളിക്കുകയോ വെള്ളത്തിലിറങ്ങുകയോ കടൽത്തീരത്തിന്റെ അരികിലേക്ക് സമീപിക്കുകയോ ചെയ്യുന്നതും പൂർണമായി നിരോധിച്ചിട്ടുണ്ട്. ബേപ്പൂർ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ തീരപ്രദേശങ്ങളിലും മുന്നറിയിപ്പ് ബാധകമാണ്.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകുകയോ ചെറുവള്ളങ്ങളും പരമ്പരാഗത വള്ളങ്ങളും കടലിലേക്ക് ഇറക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്. ബേപ്പൂർ തുറമുഖം, കൊയിലാണ്ടി ഹാർബർ എന്നിവിടങ്ങളിലെയും മറ്റ് മത്സ്യബന്ധന കേന്ദ്രങ്ങളിലെയും വള്ളങ്ങൾ മതിയായ അകലത്തിൽ സുരക്ഷിതമായി കെട്ടിയിടണം.
ബേപ്പൂർ, കൊയിലാണ്ടി എന്നിവിടങ്ങളിലെയും തീരദേശ മത്സ്യബന്ധന കേന്ദ്രങ്ങളിലെയും ജനങ്ങൾക്ക് ഫിഷറീസ് വകുപ്പ് മൈക്ക് അനൗൺസ്‌മെന്റ് നടത്തും. കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ബേപ്പൂർ റീജിയണൽ പോർട്ട് ഓഫീസർ, ഫിഷറീസ് വകുപ്പ് എന്നിവർ തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കും.
മുന്നറിയിപ്പ് പ്രകാരം ഓഗസ്റ്റ് 19ന് പുലർച്ചെ 2.30 മുതൽ ഓഗസ്റ്റ് 20ന് വൈകിട്ട് 5.30 വരെ 16 മുതൽ 21 സെക്കൻഡ് വരെ കാലദൈർഘ്യമുള്ളതും 1.2 മുതൽ 1.9 മീറ്റർ വരെ ഉയരമുള്ളതുമായ തിരമാലകൾക്ക് സാധ്യതയുണ്ട്. ശക്തമായ തിരമാലകൾ പെട്ടെന്നുള്ള കടൽ കയറ്റത്തിനും തീരമേഖലയിൽ വെള്ളം കയറുന്നതിനും തീരശോഷണത്തിനും കെട്ടിയിട്ടിരിക്കുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക് നാശനഷ്ടമുണ്ടാകുന്നതിനും കാരണമാകാൻ സാധ്യതയുണ്ട്.
ഓഗസ്റ്റ് 20ന് രാത്രി 12 മണി വരെയോ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെയോ സുരക്ഷാ നിർദേശങ്ങൾ കർശനമായി തുടരും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.