എം.ടിയുടെ പേരില്‍ ഒരുങ്ങുന്നത് വിശാലമായ സാംസ്കാരിക പാര്‍ക്ക് -മന്ത്രി
എം.ടി വാസുദേവന്‍ നായരുടെ വീട് മന്ത്രി സന്ദര്‍ശിച്ചു
കോഴിക്കോട്: മലയാളിയുടെ പ്രിയ എഴുത്തുകാരനും ചലച്ചിത്രകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ എം.ടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട്ട് വിശാലമായ സാംസ്കാരിക പാര്‍ക്കൊരുക്കുമെന്ന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. എം.ടിയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 50 കോടി വകയിരുത്തിയിട്ടുണ്ട്. കേവല സ്മാരകം എന്ന നിലയിലല്ല, വിവിധ കലാരൂപങ്ങളുടെ പഠന-ഗവേഷണങ്ങള്‍ക്കുള്ള വേദിയായി ഇതൊരുക്കും. ചരിത്ര-സാഹിത്യ മ്യൂസിയം, വിശാലമായ ലൈബ്രറി, ബുക്ക് ഷോപ്പ്, ആര്‍ട്ട് ഗ്യാലറി, സിനിമാ തിയേറ്റര്‍, എഴുത്തുകാരുടെ ശബ്ദ മ്യൂസിയം എന്നിവയും ഷോര്‍ട്ട് ഫിലിമുകളുടെയും ഡോക്യുമെന്ററികളുടെയും ശില്പശാലകള്ക്കുള്ള സംവിധാനങ്ങളും ഇവിടെയുണ്ടാകും. വിദേശത്തുനിന്ന് എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരും മറ്റും എത്തിയാല്‍ താമസിക്കാനുള്ള ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഫുഡ്കോര്‍ട്ടുമെല്ലാം ഇതോടനുബന്ധിച്ച് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ചരിത്രത്തെയും സാഹിത്യത്തെയും സംസ്കാരത്തെയുമെല്ലാം പുതിയ തലമുറയുടെ മുമ്പില്‍ അവതരിപ്പിക്കുന്ന ഒരു വിജ്ഞാന കേന്ദ്രമാകും എം.ടി വാസുദേവന്‍ നായരുടെ പേരില്‍ ഒരുക്കുക. രാജ്യത്തെ തന്നെ ഈ രൂപത്തിലുള്ള ആദ്യത്തെ പാര്‍ക്കായിരിക്കും കോഴിക്കോട് യാഥാര്‍ഥ്യമാകുക. ഉമ്പായിയുടെ പേരിലുള്ള അക്കാദമിയും ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കും. ഇവ രണ്ടിനും സ്ഥലം കണ്ടെത്താന്‍ കോഴിക്കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എമാരായ അഡ്വ. കെ ജയന്ത്, അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിയെ അനുഗമിച്ചു. വീട്ടിലെത്തിയ മന്ത്രിയെ എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയും മകളും നര്‍ത്തകിയുമായ അശ്വതി നായരും മുന്‍ മന്ത്രി എം.കെ മുനീറും ചേര്‍ന്ന് സ്വീകരിച്ചു.