നമുക്ക് സിനിമയെ കരുതിയിരിക്കുക
വീണ്ടുവിചാരം/കോയമുഹമ്മദ്
ഇന്നലെ സന്ധ്യയോടെയാണ് ദേശാഭിമാനിയിലെ പഴയകാല സഹപ്രവർത്തകൻ പി. വിജയൻ calicutlife.in ലേക്ക് സിനിമയെക്കുറിച്ച് ഒരു ലേഖനം ചോദിച്ചുകൊണ്ട് മെസേജയച്ചത്.
വയ്യല്ലോ; സിനിമ എന്നേ വിട്ടു… എന്ന് ഉടനെത്തന്നെ ഞാൻ മറുപടിയും നൽകി.
സിനിമയെക്കുറിച്ച് എന്നോട് ലേഖനം ചോദിക്കാൻ വിജയന് വേണ്ടുവോളം വകയുണ്ടായിരുന്നു. പാർടിപ്രവർത്തന പാരമ്പര്യമാണ് വിജയനെ ദേശാഭിമാനിയിലെത്തിച്ചതെങ്കിൽ, സിനിമയെക്കുറിച്ചുള്ള എഴുത്താണ് എനിയ്ക്കവിടെ ഇടം നേടിത്തന്നത്. ഞാനെന്തുകൊണ്ട് ഒഴിഞ്ഞുമാറിയെന്ന് വിജയൻ അല്പമൊന്ന് സംശയിച്ചിട്ടുണ്ടാവണം; പതിവുള്ള അലസത തന്നെയാവും വില്ലനെന്ന് പിന്നീട് സമാധാനിച്ചിട്ടുമുണ്ടാവണം.
വാസ്തവം സുഹൃത്തിനെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നുന്നതിനാൽ ഏതാനും വാക്കുകളിൽ ഞാനതിനു തുനിയുകയാണിവിടെ.
നന്നേ ചെറുപ്പത്തിലേ കോഴിക്കോട്ടെ രാധ, കോറണേഷൻ, ക്രൗൺ തിയേറ്ററുകളിലെ സിനിമകൾ കണ്ടുതുടങ്ങിയ എന്നെക്കൊണ്ട്, 1969 ൻ്റെ അവസാനം രവീന്ദ്രൻ (ചിന്ത രവി) കോഴിക്കോട് തളിയിലെ കൃഷ്ണഗിരി ലോഡ്ജിനോടടുത്ത കെട്ടിടത്തിലെ സൈക്കോ മാസികയുടെ ഓഫീസിൽ കൊണ്ടുപോയി പരിചയപ്പെടുത്തിത്തന്ന ചെലവൂർ വേണു എന്ന പത്രാധിപരാണ്
സിനിമയെക്കുറിച്ച് എഴുതിച്ചു തുടങ്ങിയത്. സൈക്കോ മുടങ്ങുന്ന ഇടവേളകളിൽ വേണു പുറത്തിറക്കിയിരുന്ന സിനിമാ സംബന്ധിയായ പ്രത്യേക പതിപ്പുകളിലും മറ്റും എഴുതാനവസരം ലഭിച്ചു. വേണുവിൻ്റെ സാരഥ്യത്തിൽ പ്രശസ്തമാം വിധം പ്രവർത്തിച്ചു പോന്ന അശ്വിനി ഫിലിം സൊസൈറ്റിയുടെ പ്രചാരണസാഹിത്യ രചനയിലൂടെയായിരുന്നു ഈ വഴി തന്നെയും തുറന്നത്.
ദേശാഭിമാനി സ്റ്റഡി സർക്കിൾ 1971ൽ ഗാന്ധി ഗൃഹത്തിൽ നടത്തിയ സമ്മേളനത്തിൻ്റെ സമ്പൂർണ ഡോക്യുമെൻ്റേഷന് ദേശാഭിമാനി വാരിക പത്രാധിപരും സ്റ്റഡി സർക്കിൾ ജനറൽ സെക്രട്ടറിയുമായിരുന്ന എം എൻ കുറുപ്പ് ഒരാളെ അന്വേഷിച്ചപ്പോൾ വേണു എൻ്റെ പേരാണ് പറഞ്ഞു കൊടുത്തത്. പി എം താജിനെയും ഒപ്പം കൂട്ടി ആ ദൗത്യം നിർവഹിച്ചു. 1972 ൽ തനിനിറം ദിനപത്രത്തിന് കോഴിക്കോട്ട് എഡിഷൻ തുടങ്ങിയപ്പോൾ കെ ചാത്തുണ്ണി മാസ്റ്റർ മുഖേന എം എൻ കുറുപ്പ് അവിടെയൊരിടം എനിക്കു നേടിത്തന്നു. പത്രത്തിൻ്റെ വർക്കിങ് എഡിറ്റർ പുരുഷൻ ആലപ്പുഴയുടെ പ്രേരണയിൽ സിനിമ എഴുത്ത് എൻ്റെ ഉപജീവന മാർഗമായി ഉരുത്തിരിയാൻ തുടങ്ങുകയും ചെയ്തു.
1975 ൽ വേണു മുഖേന തന്നെ വാരികയിൽ സിനിമ പംക്തി കൈകാര്യം ചെയ്യാനും എനിക്ക് അവസരം ലഭിച്ചു. അശ്വിനി ഫിലിം സൊസൈറ്റിയുടെ ഫെസ്റ്റിവലുകൾക്കും മറ്റും പ്രചാരണം ലഭിക്കുക എന്ന ലക്ഷ്യവും വേണുവിന് ഉണ്ടായിരുന്നു. നല്ല സിനിമയുടെ പ്രചാരണത്തിൽ ദേശാഭിമാനി പത്രവും വാരികയും മുൻപന്തിയിൽ നിന്ന കാലത്ത് വാരികയിൽ പതിവായി സിനിമയെക്കുറിച്ച് എഴുതാനവസരം ലഭിച്ച എനിക്ക് ദേശാഭിമാനിയിൽ പത്രപ്രവർത്തകനെന്ന നിലക്കു ജോലി ലഭിക്കാനും ഈ പംക്തിയെഴുത്ത് കാരണമായി. ദിനപത്രത്തിൻ്റെ ഭാഗമായതോടെ ഫിലിമോത്സവങ്ങളും മറ്റും കവർ ചെയ്യാനും അവസരം ലഭിച്ചു.
ഇതിനിടയിൽ കേരളത്തിലെ ഫിലിം സൊസൈറ്റികളുമായും പുതിയ ചലച്ചിത്ര പ്രവർത്തകരുമായുമുള്ള ബന്ധവും വിപുലമായി.
കാലം കഴിയവെ, ഈ സൊസൈറ്റികളുടെയും നവസിനിമകളുടെയും നവചലച്ചിത്ര പ്രവർത്തകരുടെയും
അവസ്ഥ ഒരു വശത്തും ആദ്യമൊക്കെ ശത്രുപക്ഷത്തെന്ന വിധം കണക്കാക്കപ്പെട്ട മുഖ്യധാരാ സിനിമ മറുവശത്തും പല പരിണാമങ്ങൾക്കും വിധേയമായി. ആദ്യമാദ്യം മനസ്സിലുണ്ടായിരുന്ന പ്രതീക്ഷകൾക്കു മങ്ങലേറ്റു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻ്റെ പ്രസക്തിയെന്ത് എന്ന സംശയം ബലപ്പെട്ടു; സിനിമകൊണ്ട് നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന സന്ദേഹവും.
ആരുടെയോ കൈയിൽ കിടക്കുന്ന ഒരു മാധ്യമം നാം എന്തിന് കൊണ്ടാടണം എന്ന ചിന്തയിൽ നിന്ന് ഇപ്പോൾ വിടുതിയില്ല.