ഡീസൽ വില വർദ്ധന: സ്വകാര്യ ബസുകൾ നിശ്ചലമാകും

കോഴിക്കോട്: ഡീസൽ വില വർദ്ധന തുടരുകയാണെങ്കിൽ സ്വകാര്യ ബസുകൾ ഡീസൽ അടിക്കാൻ കഴിയാതെ സർവീസ് നിർത്തി വെക്കാൻ നിർബന്ധിതമാകുമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.കെ.തോമസ്, ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ട്രഷറർ എം എസ്  പ്രേംകുമാർ എന്നിവർ  അറിയിച്ചു.
പത്തു ദിവസത്തിനിടയിൽ ഒരു ലിറ്റർ ഡീസലിന് അഞ്ചു രൂപയിൽ അധികമാണ് വർദ്ധിപ്പിച്ചത്.
ഒരു ദിവസം 300 കിലോമീറ്റർ ദൂരം സർവീസ് നടത്തുന്നതിന് 100 ലിറ്റർ ഡീസൽ ആവശ്യമായി വരുന്നുണ്ട്.
ഒരു ലിറ്റർ ഡീസലിന് 101 രൂപ നൽകേണ്ടിവരുന്നു.
അതാതു ദിവസങ്ങളിൽ ഡീസൽ അടിക്കാനും തൊഴിലാളികൾക്ക് വേതനം നൽകാനും ദിവസ വരുമാനം ലഭിക്കാതെയാണ് ഇപ്പോൾ തന്നെ ഭൂരിഭാഗം ബസുകളും സർവീസുകൾ നടത്തുന്നത്.
ഇനിയും വില വർദ്ധന തുടരുകയാണെങ്കിൽ ബസ് സർവീസ് നിർത്തി വെക്കാൻ ഫെഡറേഷൻ നിർബന്ധിതമാകുന്നതാണ്.
ഇറാഖ് – കുവൈത്ത് യുദ്ധകാലത്ത് അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡൊയിൽ വില വർദ്ധിച്ചപ്പോൾ ഇന്ത്യയിൽ ഡീസൽ വില വർദ്ധിക്കാതിരിക്കാൻ അന്നത്തെ മൻമോഹൻ സിങ്ങ് സർക്കാർ ഡീസലിന്റെ തിരുവ ഒഴിവാക്കിയും പെട്രൊളിയം കമ്പനികൾ വിലവർദ്ധിപ്പിക്കാതിരിക്കാൻ സബ്സിഡി നൽകുകയും ചെയ്തിരുന്നത് പോലെ എൻ .ഡി .എ സർക്കാരും തീരുവ ഒഴിവാക്കിയും സബ്സിഡി നൽകിയും ഡീസൽ വില വർദ്ധനവ് നിയന്ത്രിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പൊതു ഗതാഗത മേഖലയിൽ സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്ന ബസുകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി സബ്സിഡി അനുവദിച്ച് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കേണ്ടതാണ്.
ഇക്കാര്യത്തിൽ ഇരു സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടലുകൾ ഉണ്ടായില്ല എങ്കിൽ ജൂൺ ഒന്നു മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനിരിക്കെ സ്വകാര്യ ബസ്  സർവീസുകൾ നിരത്തൊഴിയുന്ന സാഹചര്യമുണ്ടാകുന്നതാണെന്ന് ഫെഡറേഷൻ നേതാക്കൾ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *