ജില്ലയിലെ മലിനജല  സംസ്കരണം വിലയിരുത്തി

കോഴിക്കോട്: ജില്ലയിലെ മലിനജല സംസ്കരണ പ്ലാൻ്റിൻ്റെ പ്രവർത്തനം, പുതിയ പ്ലാൻ്റുകളുടെ നിർമ്മാണം എന്നിവയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മലിനജല പ്ലാൻ്റിൻ്റെ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരനെ ഏൽപ്പിക്കാൻ ടെൻഡർ നടപടി ആരംഭിക്കാനും വീഴ്ചവരുത്തിയ കരാറുകാരനെതിരെ നടപടിയെടുക്കാനും കോർപ്പറേഷനോട് കലക്ടർ ആവശ്യപ്പെട്ടു.

നിർമാണാനുമതി ലഭിച്ച സരോവരം മലിനജല സംസ്കരണ പ്ലാൻ്റിന്റെ തുടർനടപടികൾ വേഗത്തിലാക്കാനും വെസ്റ്റ്ഹിൽ പാൻ്റിൻ്റെ സാങ്കേതികാനുമതി ലഭ്യമാക്കാനും നിര്‍ദേശം നല്‍കി. വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന പഴയ മാലിന്യങ്ങൾ ബയോമൈനിങ് വഴി ശാസ്ത്രീയമായി നീക്കം ചെയ്യാനുള്ള മാർഗങ്ങൾ വിപുലീകരിക്കാനും കോഴിക്കോട് ബീച്ചിൽ ബയോവേസ്റ്റ് നീക്കം ചെയ്യുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും കോർപ്പറേഷനെ കലക്ടർ ചുമതലപ്പെടുത്തി.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ശുചിത്വമിഷൻ കോ-ഓഡിനേറ്റർ ഇ ടി രാകേഷ്, കോഴിക്കോട് കോർപ്പറേഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000