കോഴിക്കോട്: രാജ്യത്തെ മികച്ച 12 റോഡുകളിൽ ഒന്നായി ഊരാളുങ്കൽ സൊസൈറ്റി നിർമ്മിച്ച തലപ്പാടി – ചെങ്കള റോഡ് ദേശീയപാതാ അതോറിറ്റിയുടെ കലണ്ടറിൽ. 2026-ലെ കലണ്ടറിൽ ഏപ്രിൽ മാസത്തെ ചിത്രമായാണ് റോഡ് സ്ഥാനം പിടിച്ചത്. കണ്ടറിൽ കേരളത്തിൽനിന്ന് ഇടം നേടിയ ഏക റോഡാണിത്.
ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്ന പദ്ധതിയിൽ സംസ്ഥാനത്ത് ആദ്യം പൂർത്തിയായതും ഈ റീച്ചാണ്.
ഈ റോഡിൽ പുലർത്തിയ ഗുണമേന്മയ്ക്കും അതോറിറ്റിയുടെ ആദരം സൊസൈറ്റിക്കു ലഭിച്ചിരുന്നു. ദേശീയപാതാനിർമ്മാണത്തിൽ ഒരു സഹകരണസ്ഥാപനം കൈവരിച്ച മികവിന് 2024-ലെ ‘നാഷണൽ ഹൈവേ എക്സലൻസ് അവാർഡും’ ഊരാളുങ്കൽ സൊസൈറ്റിക്കായിരുന്നു. ആദ്യമായി എടുക്കുന്ന എൻഎച്ച്എഐ കരാറിനുതന്നെ ഈ അംഗീകാരങ്ങൾ കിട്ടി എന്നത് തൊഴിലാളികളുടെ സഹകരണസംഘമായ ഊരാളുങ്കൽ സൊസൈറ്റിയുടെ ഉന്നതമായ തൊഴിൽസംസ്കാരത്തിനും നിർമ്മാണമികവിനും സമൂഹബദ്ധതയ്ക്കുമുള്ള സാക്ഷ്യപത്രമാണെന്ന് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു.

