തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2026-27 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അഡ്‌ഹോക് കമ്മിറ്റി അംഗീകാരം നല്‍കി. വാര്‍ഷിക പദ്ധതി സമര്‍പ്പിച്ച 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 23 എണ്ണത്തിന്റെ പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അംഗീകാരം നല്‍കിയത്.
അങ്കണവാടികള്‍ക്ക് കെട്ടിടം, ചുറ്റുമതില്‍, കുടിവെള്ളം, ഫര്‍ണിച്ചറുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയൊരുക്കാന്‍ പദ്ധതികള്‍ ഏറ്റെടുക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളോട് യോഗത്തില്‍ അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ കുടിവെള്ള സംവിധാനവും റാമ്പ് സൗകര്യവും ശൗചാലയവും ഒരുക്കാനും ക്ഷയരോഗികള്‍ക്ക് ഭക്ഷണ ലഭ്യത ഉറപ്പുവരുത്താനും തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി ഏറ്റെടുക്കണമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ആര്‍ രത്‌നേഷ്, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.