എം.ടി:  കാലം, കാഴ്ച: ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചു

കോഴിക്കോട്: സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന എം.ടി: കാലം, കാഴ്ച എന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ ഭാഗമായി നിര്‍മ്മാല്യം എന്ന ചലച്ചിത്രത്തെ ആസ്പദമാക്കി മുഹമ്മദ്കുട്ടി സംവിധാനം ചെയ്ത  നിര്‍മ്മാല്യം പി.ഒ എന്ന ഡോക്യുമെന്ററിയും എം.ടിയുടെ സര്‍ഗാത്മകജീവിതത്തെ പരിചയപ്പെടുത്തിക്കൊണ്ട് കെ.പി കുമാരന്‍ സംവിധാനം ചെയ്ത ഇംഗ്ലീഷ് ഡോക്യുമെന്ററിയും ആര്‍ട്ട്ഗാലറി അങ്കണത്തില്‍ പ്രദര്‍ശിപ്പിച്ചു.

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തെ കാണി ഫിലിം സൊസൈറ്റിയാണ് നിര്‍മ്മാല്യം പി.ഒ നിര്‍മിച്ചത്. 1973ല്‍ പുറത്തിറങ്ങിയ നിര്‍മ്മാല്യം ചിത്രീകരിച്ചത് മലപ്പുറം ജില്ലയിലെ മൂക്കുതല എന്ന ഗ്രാമത്തില്‍ വെച്ചാണ്. ഇവിടെയുള്ള അമ്പലവും പുഴയും പരിസരങ്ങളും കഥാപാത്രങ്ങളായി മാറി. അന്നത്തെ ഗ്രാമവാസികള്‍ നാലുമാസക്കാലം ഉത്സവം പോലെയാണ് ഷൂട്ടിങ് ആഘോഷിച്ചത്. അക്കാലത്ത് അഭിനേതാക്കളായും സംഘാടകരായും ഉണ്ടായിരുന്ന പലരും ഇന്നില്ല. അന്ന് കുട്ടികളായിരുന്ന പലരും ഇന്ന് വാര്‍ധക്യത്തിലാണ്. അങ്ങനെയുള്ള ചിലര്‍ ഡോക്യുമെന്ററിയില്‍ മുഖം കാണിക്കുന്നുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ചിത്രന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ നിര്‍മ്മാല്യത്തെയും ആ കാലത്തെയും വിലയിരുത്തി സംസാരിക്കുന്നുണ്ട്.

സി.എസ് വെങ്കിടേശ്വരന്‍, ഡോ. ഹേമമാലിനി തുടങ്ങിയവരും സിനിമയെപ്പറ്റിയുള്ള ചര്‍ച്ചയില്‍ വരുന്നുണ്ട്.
എം.ടി വാസുദേവന്‍നായര്‍ സിനിമ നിര്‍മിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിക്കുന്നുണ്ട്. പഴയ കാലഘട്ടത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച പി.ജെ ആന്റണി രംഗത്ത് വരുന്ന ദൃശ്യങ്ങള്‍ നിരവധി തവണ കാണിക്കുന്നതും ശ്രദ്ധേയമാണ്. അന്നത്തെ വെളിച്ചപ്പാടും ആധുനികകാലഘട്ടത്തില്‍ ഹൈടെക് ആയി ടൂവിലറില്‍ പോവുന്ന വെളിച്ചപ്പാടും ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടുന്നു.

കെ.പി കുമാരന്‍ എടുത്ത ഇംഗ്ലീഷ് ഡോക്യുമെന്ററിയില്‍ എം.ടിയുടെ വിവിധ കൃതികളും അദ്ദേഹത്തിന്റെ ജീവിതപശ്ചാത്തലവും കടന്നുവരുന്നുണ്ട്. എം.ടി തന്റെ എഴുത്തിനെപ്പറ്റിയും ഗ്രാമത്തെപ്പറ്റിയും വിശദമായി പറയുന്നുണ്ട്.ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഉള്‍പ്പെടെയുള്ളവര്‍ സംസാരിക്കുന്നുണ്ട്.

ചടങ്ങില്‍ ഫോറം സംസ്ഥാന സെക്രട്ടറി കെ.പി വിജയകുമാര്‍ സ്വാഗതവും സാംസ്‌കാരികവിഭാഗം കണ്‍വീനര്‍ കെ.എഫ് ജോര്‍ജ് നന്ദിയും പറഞ്ഞു.