നാല് വർഷ ബിരുദ കോഴ്സ് യാഥാർഥ്യമാകുന്നതോടെ കോളേജുകളുടെ മുഖച്ഛായ മാറും: മുഖ്യമന്ത്രി


സ്കോളർഷിപ്പിനായി കൂടുതൽ തുക നൽകുന്ന സംസ്ഥാനം കേരളം

ഗവേഷണ മേഖലയിൽ കടന്നുവരാൻ ഡോക്ടർമാർ തയാറാകണം

ഗവേഷണ മേഖലയിൽ കേരളത്തിന്റെ ലോകനിലവാരമില്ലായ്‌മ ഗൗരവമായി ചിന്തിക്കണം

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉപരിപ്ലവമായ പരിഷ്കാരമല്ല കാലാനുസൃതമായ ഉടച്ചുവാർക്ക ലാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത വർഷം നാല് വർഷ ബിരുദ കോഴ്സ് നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ മുഖച്ഛായ തന്നെ മാറും. കായിക രംഗത്തെ നേട്ടങ്ങൾക്ക് വിദ്യാർത്ഥികൾക്ക് ക്രെഡിറ്റ്‌ ലഭിക്കും. പൂർണമായും വിദ്യാർത്ഥി കേന്ദ്രീകൃത മാറ്റമാണ് നടപ്പാക്കുന്നത്. നവകേരള സദസ്സിന്റെ തുടർച്ചയായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളെ  അഭിസംബോധന ചെയ്ത് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

ഗവേഷണ മേഖലയിൽ ലോകനിലവാരത്തിൽ എത്താൻ കേരളത്തിന് കഴിയാത്തതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ഗവേഷണ മേഖലയിൽ ലോകനിലവാരത്തിൽ എത്താൻ സംസ്ഥാനത്തിന് സാധിക്കുന്നില്ല. നമുക്ക് ഇൻ-ഹൗസ് എക്സലൻസ് കഴിയുന്നില്ല. ഇതേക്കുറിച്ച് ഗൗരവമായി ചിന്തിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കണം.

കഴിഞ്ഞ മൂന്ന് വർഷമായി വലിയ തുകയാണ് സംസ്ഥാന സർക്കാർ ഗവേഷണ മേഖലയിൽ ചെലവഴിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്കോളർഷിപ്പിനായി ഏറ്റവും കൂടുതൽ തുക മുടക്കുന്നത് കേരളമാണ്. ഇത് ചെലവായിട്ടല്ല, ഭാവിയിലേക്കുള്ള നിക്ഷേപമായാണ് കാണുന്നത്.

ഗവേഷണ മേഖലയിൽ പ്രവേശിക്കുന്ന ഡോക്ടർമാർ കുറവാണെന്നും അത് പോരെന്നും പറഞ്ഞ മുഖ്യമന്ത്രി ബയോമെഡിക്കൽ ഗവേഷണം ത്വരിതപ്പെടുത്താൻ ആവശ്യപ്പെട്ടു. കൂടുതൽ ഡോക്ടർമാർ ഗവേഷണത്തിന് വരണം. അത് വലിയ മാറ്റമുണ്ടാക്കും.

വരാനിരിക്കുന്ന കാലത്തേക്ക് കേരളത്തെ സജ്ജമാക്കുക എന്ന ഉദ്ദേശ്യത്തിലൂന്നിയുള്ള ഇടപെടലാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്നത്. മൾട്ടി-ഡിസിപ്ലിനറി സമീപനമാണ് ലോകമൊട്ടുക്കും ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത്. അതിനൂതനമായ മേഖലകളിലും നമ്മുടെ വിദ്യാർത്ഥികളുടെ പ്രവീണ്യം വേണം. അതിനനുസരിച്ചുള്ള പരിഷ്കാരങ്ങളാണ് നടപ്പാക്കുന്നത്.

രണ്ടര വർഷം കൊണ്ട് ബിരുദം നേടുന്ന ഏൺ എ സെമസ്റ്റർ പോലുള്ള സംവിധാനം നടപ്പാവാൻ കേരളത്തിൽ വഴി ഒരുങ്ങുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കെ-റീപ്‌ സോഫ്റ്റ്‌വെയർ നിലവിൽ വന്നാൽ വിവിധ ആവശ്യങ്ങൾക്കായി സർവകലാശാലകളിൽ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകുമെന്നും ഇതിനായി നിയമവും ചട്ടവും പരിഷ്കരിക്കുമെന്നും കൂട്ടിച്ചേർത്തു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രാപ്യത, തുല്യത എന്നിവയിൽ രാജ്യത്തിനു മാതൃകയായ കേരളം പക്ഷെ ഈ നേട്ടങ്ങളിൽ മാത്രം സംതൃപ്തമല്ല. സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന്‌ പുറത്തും കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഹബ്ബ് ആയി തിരിച്ചറിയണം.
വിദ്യാർത്ഥികളുടെ ഗ്രോസ് എൻറോൾമെന്റ് റേഷ്യോയിൽ 10 % നേട്ടമുണ്ടാക്കിയ കേരളത്തിന്റെ ഗേൾസ് എൻറോൾമെന്റ് റേഷ്യോ 50% ആണ്. എന്നാൽ മികവിന്റെയും ഗുണമേന്മയുടെയും കാര്യത്തിൽ ഈ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

അറിവ് നേടിയാൽ പോര അറിവിന്റെ രാഷ്ട്രീയം മനസിലാക്കണമെന്ന് വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി തിരുവനന്തപുരം എൽ.ബി.എസ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിനികൾ രൂപകൽപ്പന ചെയ്ത സാറ്റലൈറ്റ്, തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾ നിർമിച്ച കുഞ്ഞപ്പൻ-2 റോബോട്ട്, പാലക്കാട്ടെ കോളേജ് വിദ്യാർത്ഥികൾ നിർമിച്ച തേങ്ങ ചിരകുന്ന യന്ത്രം എന്നിവ ഉന്നത വിദ്യാഭ്യാസമേഖലയിലെ ആശയങ്ങൾ വ്യാവസായിക ഉൽപ്പന്നങ്ങളായി മാറുന്നതിന്റെ മികച്ച ഉദാഹരണങ്ങളായി എടുത്തുകാട്ടി.

അടിസ്ഥാന ശാസ്ത്രബോധവും മാനവിക ബോധവുമുള്ള വിദ്യാർത്ഥിക്കേ നവകേരളം സൃഷ്ടിക്കാനാവുകയുള്ളൂ എന്ന് ചൂണ്ടികാട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ മുഖമുഖത്തിൽ വിദ്യാർത്ഥികൾ പറഞ്ഞ അഭിപ്രായങ്ങൾ തികച്ചും ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പ് നൽകി.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *