മലബാര്‍ മില്‍മയുടെ വിറ്റുവരവില്‍ 152.11 കോടിയുടെ വര്‍ദ്ധന
കോഴിക്കോട്: മലബാര്‍ മില്‍മയുടെ വിറ്റുവരവില്‍ 152.11 കോടിയുടെ വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവായ 1622.17 കോടി രൂപയില്‍ നിന്ന് 1774.28 കോടിയായാണ് വര്‍ദ്ധന. പാല്‍ 5.1 ശതമാനവും, തൈര് 3.6 ശതമാനവും നെയ്യ് 21.8 ശതമാനവും ഐസ്‌ക്രീം 19.6 ശതമാനവും വില്‍പ്പന വര്‍ദ്ധന കൈവരിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയതുള്‍പ്പെടെ മേഖലാ യൂണിയന്റെ 57 വ്യത്യസ്ത മൂല്യവര്‍ദ്ധിത ഉൽപ്പന്നങ്ങള്‍ വിപണിയില്‍ വലിയ സ്വീകാര്യത നേടി. .
പാല്‍ വില്‍പ്പന 5.1 ശതമാനമായി വര്‍ദ്ധിച്ചപ്പോള്‍ മൂല്യ വര്‍ദ്ധിത ഉൽപ്പന്നങ്ങളും വിപണിയില്‍ നേട്ടം കൊയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉൽപ്പന്ന വിപണിയില്‍ 18.7 ശതമാനം വര്‍ദ്ധനവോടു കൂടി 516 കോടി രൂപയുടെ വിറ്റുവരവുണ്ടായി.
പാലും മൂല്യവര്‍ദ്ധിത ഉൽപ്പന്നങ്ങളുടേയും അനുപാതം 71 : 29 ആയി ഉയര്‍ന്നു. ഇത് രാജ്യത്തെ പ്രമുഖ സഹകണ മില്‍ക്ക് ഫെഡറേഷനുകളുടെ നേട്ടത്തോട് കിടപിടിക്കുന്നതാണ് എന്നത് മലബാര്‍ മില്‍മയുടെ നേട്ടത്തിന് മാറ്റുകൂട്ടുന്നു.
നെയ്യ്, പാലട, പനീര്‍, ഡെയറി വൈറ്റ്‌നര്‍ എന്നീ ഉത്പ്പന്നങ്ങള്‍ വിദേശ വിപണിയില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചു. 11 ശതമാനം വില്‍പ്പന വര്‍ദ്ധനവാണ് വിദേശ വിപണയില്‍ ഉണ്ടായത്.
പാല്‍ സംഭരണത്തില്‍ 11.7% വര്‍ധനവുണ്ടായി. മുന്‍ സാമ്പത്തിക വര്‍ഷം പ്രതിദിനം ശരാശരി പാല്‍ സംഭരണം 613437 ലിറ്റര്‍ സംഭരണമുണ്ടായിരുന്നത് 2025-26 സാമ്പത്തിക വര്‍ഷം 685075 ലിറ്ററായി ഉയര്‍ന്നു. മലബാര്‍ മില്‍മ നടത്തിയ വിവിധ കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ വര്‍ദ്ധന.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് പാല്‍വിലയായി 1165 കോടി രൂപനല്‍കി. അധിക പാല്‍വിലയും മറ്റ് ആനുകൂല്യങ്ങളുമായി 75 കോടിയോളം രൂപയാണ് നല്‍കിയത്. മൊത്തം 1240 കോടിയോളം രൂപയാണ് ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി മലബാര്‍ മില്‍മ നല്‍കിയിട്ടുള്ളത്.
ക്ഷീരകര്‍ഷകരുടെ വരുമാന വര്‍ദ്ധനവിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം മേഖലാ യൂണിയന് പാല്‍ നല്‍കിയ ക്ഷീരകര്‍ഷകര്‍ക്ക് വര്‍ഷം മുഴുവന്‍ കാലിത്തീറ്റ സബ്‌സിഡി അനുവദിച്ചിരുന്നു. സബ്സിഡി വഴി 6 വര്‍ഷം മുന്‍പുണ്ടായിരുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ ലഭ്യമാക്കാന്‍ സാധിച്ചു. വൈക്കോല്‍ ഉല്‍പ്പെടെയുള്ള ഇതര തീറ്റവസ്തുക്കള്‍, ചോളപ്പൊടി, വിവിധയിനം തവിടുകള്‍, പിണ്ണാക്കുകള്‍ എന്നിവ ആവശ്യാനുസരണം മിതമായ വിലയ്ക്ക് മേഖലാ യൂണിയന്റെ ട്രസ്റ്റായ എം.ആര്‍.ഡി.എഫ് വഴി വിതരണം ചെയ്തു. മേഖലാ യൂണിയന്റെ സഹായത്തോടെ ഉല്‍പ്പാദിപ്പിക്കുന്ന ഹൈബ്രീഡ് നേപ്പിയര്‍ പുല്ല് സബ്‌സിഡിയോടുകൂടി വിതരണം ചെയ്തു. കൂടാതെ ചോളപ്പല്ല്, ചോളത്തണ്ട് എന്നിവയ്ക്ക് ക്ഷീരകര്‍ഷകര്‍ക്കിടയില്‍ വലിയ ആവശ്യകത ഉണ്ടാവുകയും ആയത് ആറ് ജില്ലകളിലും സബ്‌സിഡിയോടു കൂടി യഥേഷ്ടം വിതരണം നടത്തുകയും ചെയ്തു. ധാതുലവണ മിശ്രിതം, മില്‍ക്ക് റീപ്ലേസര്‍, കാഫ് സ്റ്റാര്‍ട്ടര്‍, വിവിധയിനം ആയുര്‍വ്വേദ വെറ്റിനറി മരുന്നുകള്‍ എന്നിവയും സബ്‌സിഡിയോടുകൂടി വിതരണം ചെയ്തു