‹

പ്രതിവിഷമില്ലാത്ത കളനാശിനി ഉള്ളിൽച്ചെന്ന കുട്ടികൾക്ക് പുതുജീവനേകി മേയ്ത്ര ആശുപത്രി

കോഴിക്കോട്: അതീവ മാരകമായ പാരാക്വാറ്റ് കളനാശിനി അബദ്ധത്തിൽ ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ കുട്ടികൾക്ക് മേയ്ത്ര ആശുപത്രിയിലെ പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ ടീമിന്റെ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ. ശരീരത്തിനുള്ളിൽ പ്രവേശിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആമാശയം, കരൾ, വൃക്കകൾ എന്നിവയെ തകരാറിലാക്കുന്ന പാരാക്വാറ്റ് വിഷബാധയ്ക്ക് നിലവിൽ പ്രത്യേക പ്രതിവിഷം ലഭ്യമല്ല. ശ്വാസകോശത്തിൽ അടിഞ്ഞുകൂടുന്ന ഈ വിഷം ഗുരുതരമായ ശ്വാസതടസ്സത്തിന് കാരണമാകുന്നു. ഈ അവസ്ഥയിലേക്കെത്തിയാൽ മരണസാധ്യത വളരെ കൂടുതലാണ്.

വിഷബാധയേറ്റതിന് ശേഷം അധികം വൈകാതെ മേയ്ത്ര ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടികൾ വേഗത്തിൽ സുഖം പ്രാപിച്ചു. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഹീമോപെർഫ്യൂഷൻ ചികിത്സയിലൂടെയാണ് കുട്ടികളുടെ ശരീരത്തിൽ നിന്ന് പാരാക്വാറ്റ് വിഷാംശം പൂർണമായും നീക്കം ചെയ്തത്. പാരാക്വാറ്റ് വിഷബാധയേൽക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ കൃത്യസമയത്തുള്ള ചികിത്സ നിർണായകമാണ്.

അതേസമയം, രോഗാവസ്ഥ ഗുരുതരമായ ശേഷം മറ്റൊരു ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത് മേയ്ത്രയിലെത്തിയ കുട്ടിക്ക് കടുത്ത ശ്വാസതടസ്സവും വൃക്കത്തകരാറുമുണ്ടായിരുന്നു. ലങ് പ്രൊട്ടക്റ്റീവ് വെന്റിലേഷൻ, ഇമ്മ്യൂണോമോഡുലേഷൻ, ആന്റിഓക്സിഡന്റുകൾ അടങ്ങിയ അത്യാധുനിക പീഡിയാട്രിക് ഇൻ്റൻസീവ് കെയർ ഉൾപ്പെടുന്ന ചികിത്സയാണ് ഈ കുട്ടിക്ക് നൽകിയത്. ഈ കുട്ടിയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി.

പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ ഡോ. ഷാസിയ എം., ഡോ. ഡെന്ന ആൻ ബേബി, ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ ഡോ. ജിജോ വി. ചെറിയാൻ, നെഫ്രോളജി  വിഭാഗത്തിലെ ഡോ. വിനുഗോപാൽ, പൾമണോളജി വിഭാഗത്തിലെ ഡോ. നിഷാൽ എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000