‹

എംവിആർ കാൻസർ സെന്റർ പത്താം വാർഷികം ‘ദിശാബ്ദം’ ജനുവരി 11 മുതൽ 17 വരെ

കോഴിക്കോട്:  കാൻസർ  ചികിത്സാരംഗത്ത് ലോകത്തിലെ ഏറ്റവും ആധുനിക സൗകര്യങ്ങൾ ഒരുക്കി എംവിആർ കാൻസർ  സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പത്താം വാർഷികം –  ‘ദിശാബ്ദം’ 2027 ജനുവരി 11 മുതൽ 17 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ജനുവരി 11ന് ‘സഹകാർ കേ സംസ്കൃതി’ അന്തർദേശീയ സമ്മിറ്റോടെ  ‘ദിശാബ്ദം’ ആരംഭിക്കും. സഹകരണ മേഖലയുടെ ഭാവിപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന സമ്മിറ്റിൽ രാജ്യത്തെ പ്രമുഖ സഹകാരികളും വിദ്യാർത്ഥികളും പങ്കെടുക്കും. സഹകരണ മന്ത്രി എം. ലിജു സമ്മിറ്റിൽ മുഴുവൻ സമയവും പങ്കെടുക്കും.

2026 ഡിസംബർ 11 ന്  രണ്ടാമത്തെ PET സ്കാൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. മറ്റൊരു ആശുപത്രിയിലും ഇല്ലാത്ത രണ്ടാമത്തെ PET സ്കാൻ ആണ് ഇത്.
ഡിസംബർ 31 (വൈകിട്ട് 6:00): എം.വി.ആർ. കാൻസർ സെന്ററിൽ നിന്നും എൻ.ഐ.ടി. (NIT) വരെ സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ വിളംബര ജാഥ നടക്കും .
2027 ജനുവരി 11 ദിശാബ്ദം’ പത്താം വാർഷികാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം.
2027 ജനുവരി 12 ന് രാവിലെ അർബുദത്തെ അതിജീവിച്ചവരുടെയും ഉച്ചയ്ക്കു ശേഷം മജ്ജ മാറ്റൽ ചികിത്സ നടത്തിയവരുടെ സംഗമം.
2027 ജനുവരി 13ന് നടക്കുന്ന മെഡിക്കൽ ഇൻഷുറൻസ് സമ്മിറ്റിൽ ‘ഏറിവരുന്ന ചികിത്സാ ചെലവും ഇൻഷുറൻസിന്റെ പ്രസക്തിയും’ എന്ന വിഷയത്തിൽ സാമ്പത്തിക, മെഡിക്കൽ ഇൻഷുറൻസ് വിദഗ്ദർ പങ്കെടുക്കും.
2027 ജനുവരി 14ന് ‘ആതുരം ആത്മീയം’ എന്ന പേരിൽ രോഗാതുര- സാന്ത്വന പരിചരണ രംഗത്തെ ആത്മീയ നേതൃത്വത്തിന്റെ സമ്മേളനം.
തുടർന്ന് മൂന്നു ദിവസങ്ങളിലായി നടക്കുന്ന ദേശീയ ഓങ്കോളജി കോൺഫറൻസ്- ‘കാൻകോൺ-27 ’ മുഖ്യമന്ത്രി  വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.  ഇന്ത്യക്ക് അകത്തും പുറത്തു നിന്നുമുള്ള കാൻസർ  ചികിത്സാര രംഗത്തെ വിദഗ്ധ ഡോക്ടർമാർ കാൻകോണിൽ പങ്കെടുക്കും.
ജനുവരി 17ന് നടക്കുന്ന ദിശാബ്ദം സമാപന സമ്മേളനം പ്രതിപക്ഷ നേതാവ്  പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. ജനുവരി 18 നു ആശുപത്രിയിൽ എത്തുന്ന എല്ലാവർക്കും മരുന്ന് വില ഒഴികെ എല്ലാം സൗജന്യം ആയിരിക്കും.

അർബുദ ചികിത്സാരംഗത്ത് അതുല്യമായ സേവനമാണ് എംവിആർ ഒരു ദശാബ്ദക്കാലം കൊണ്ട് നാടിനു നൽകിയത്. ഈ പത്തുവർഷ കാലയളവിൽ മുപ്പതിനായിരത്തിലേറെ ശസ്ത്രക്രിയകളും മൂന്നു ലക്ഷത്തിലേറെ കീമോ തെറാപ്പികളും ഇരുപതിനായിരത്തോളം റേഡിയോ തെറാപ്പികളും ഇവിടെ നടന്നു. 1 ലക്ഷത്തിലേറെ രോഗികൾ ചികിത്സ നേടിയിട്ടുണ്ട്.

കോഴിക്കോട് ചൂലൂരിൽ 20 ഏക്കർ ക്യാംപസിൽ 300 കിടക്കകളോടെയാണ് എംവിആർ കാൻസർ  സെന്റർ പ്രവർത്തിക്കുന്നത്. കാലിക്കറ്റ് സിറ്റി സർവ്വീസ് കോ- ഓപറേറ്റീവ് സൈസൈറ്റി രൂപീകരിച്ച കെയർ ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് എംവിആർ കാൻസർ  ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്.

ചെയർമാൻ സി എൻ വിജയകൃഷ്ണന്റെ ഏറ്റവും അടുത്ത ഒരു വ്യക്തിയുടെ ഭാര്യ വളരെ ചെറുപ്പത്തിൽ ക്യാൻസർ രോഗം മൂലം മരിച്ചതാണ് ഈ ക്യാൻസർ സെന്റർ രൂപീകരണത്തിന് നിമിത്തമായത്. മുൻമന്ത്രിയും പ്രമുഖ സഹകാരിയുമായിരുന്ന എം.വി രാഘവന്റെ സ്മരണാർത്ഥമാണ് ഈ സ്ഥാപനം സമർപ്പിച്ചിട്ടുള്ളത്.  ഇന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ നിന്നും രോഗികൾ ഇവിടെ ചികിത്സ തേടിയെത്തുന്നു.

ദക്ഷിണേന്ത്യയിൽ ആദ്യമായി റോബോട്ടിക്ക് സർജറി നടത്തിയ കാൻസർ  ഇൻസ്റ്റിറ്റ്യൂട്ടായ ഇവിടെ 20 ക്ലിനിക്കൽ ഡിപ്പാർട്ടുമെന്റുകൾ പ്രവർത്തിക്കുന്നു.  അമേരിക്കയിലെ പ്രശസ്തമായ Cleveland ക്ലിനിക്കും എംവിആറിന് പിന്തുണ നൽകുന്നു. സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ സെന്റർ എന്ന നിലയിലും ദേശീയ അന്തർദേശീയ ബഹുമതികൾ എംവിആർ നേടിയിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, വൈസ് ചെയർമാൻ പി.കെ. അബ്ദുള്ളക്കോയ, സെക്രട്ടറി ഡോ. എൻ.കെ. മുഹമ്മദ് ബഷീർ, മെഡിക്കൽ ഡയറക്ടർ  ഡോ. നാരായണൻകുട്ടി വാര്യർ, ഡയറക്ടർമാരായ എൻ.സി അബൂബക്കർ, സുനിൽ എൻ പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000