‘സക്കറിയ’ പ്രദർശനം ചൊവ്വാഴ്ച
കോഴിക്കോട്: സാഹിത്യകാരൻ പോൾ സക്കറിയയുടെ ജീവിതവും,ദർശനങ്ങളും പ്രമേയമാക്കിയ ബയോഡോക്യുമെൻ്ററി ‘സക്കറിയ’യുടെ പ്രദർശനം ചൊവ്വാഴ്ച്ച നടക്കും. രാവിലെ 9.30 ന് കൈരളി- ശ്രീ തിയേറ്ററിലാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.
മെക്സിക്കോയിൽ നടക്കുന്ന വെരാക്രൂസ് ലോകചലച്ചിത്രമേളയിലേക്ക് ഓഫീഷ്യൽ എൻട്രി ലഭിച്ച’സക്കറിയ’ ഡോക്യുമെൻ്ററി സംവിധാനം ചെയ്തത് ഷൈനി ബെഞ്ചമിനാണ്. ഉരുളികുന്നം എന്ന ഗ്രാമത്തില്‍നിന്ന് അനുഭവങ്ങളുടെയും ഭാവനയുടെയും ലോകത്തിലേക്കുള്ള സക്കറിയയുടെ യാത്രയാണ് ഡോക്യൂമെന്ററിയുടെ പ്രമേയം. ജനിച്ച നാടിന് പുറത്തെ ലോകത്തെപറ്റി വ്യാകുലപ്പെട്ട കുട്ടിക്കാലവും, തുടർന്ന് എഴുത്തുകാരൻ സഞ്ചരിച്ച വിശാലമായ ലോകവും ഡോക്യുമെൻ്ററിയിൽ കാണാം. അച്ചു ഉള്ളാട്ടിലും,കെ.എം.ഗഫൂറും ചേർന്ന് നിർമ്മിച്ച ഹ്രസ്വച്ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജെബിൻ ജേക്കബാണ്.ശരത്താണ് സംഗീതസംവിധാനം. വി.എഫ്.എക്സ് റാസിമുഹമ്മദ്, എഡിറ്റിങ്ങ് ഡോൺ മാക്സ്,അനിമേഷൻ സുനിൽ നമ്പു
സക്കറിയയെ രൂപപ്പെടുത്തിയ ജീവിതങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും സഞ്ചരിക്കുന്ന ഡോക്യൂമെന്ററിയിൽ ,
മലയാളിയായും, എഴുത്തുകാരനായും ഇനിയുള്ള കാലം ജീവിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും സക്കറിയ തുറന്നു സംസാരിക്കുന്നുണ്ട്.
പ്രദർശനത്തിന് ശേഷം പ്രേക്ഷകർക്ക് സക്കറിയയോട് ആശയവിനിമയത്തിനുള്ള അവസരവുമുണ്ടാകും.