അശ്വിനി ഫെസ്റ്റിവൽ ഓഫ് ഇന്ത്യൻ ഫിലിം -AFIF 2026-ന് നാളെ തുടക്കം
കോഴിക്കോട്: മൂന്നു ദിവസങ്ങളിലായി (നവംബർ 6,7,8) അശ്വിനി ഫിലിം സൊസൈറ്റിയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യ (FFSl) യുടെ കേരള ഘടകവും സംയുക്തമായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേള –
AFIF 2026-ന് വെള്ളിയാഴ്ച ആരംഭിക്കും. അന്താരാഷ്ട്ര സിനിമാ നിരൂപക സംഘടനയായ ഫിപ്രസി തെരഞ്ഞെടുത്ത സമകാലിക ഇന്ത്യൻ സിനിമകളും പി. എ ബക്കർ റെട്രോസ്പെക്ടീവുമാണ് പ്രദർശനത്തിനെത്തുന്നത്. കോഴിക്കോട് കൈരളി തിയറ്റർ കോമ്പൗണ്ടിലുള്ള വേദി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫെസ്റ്റിവലിൽ ദിനേന നാല് ചിത്രങ്ങൾ പ്രദർശിപ്പിക്കും. സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഈഫ് ഓൺ എ വിൻഡേർസ് നൈറ്റ്’ ആണ് ഉദ്ഘാടന ചിത്രം. രാവിലെ 9.30 നാണ് ആദ്യ ഷോ. ഇന്ന്
രാവിലെ 8.30 മുതൽ രജിസ്ട്രേഷനും ഡെലിഗേറ്റ് പാസ്സ് വിതരണവും ആരംഭിക്കും. വൈകിട്ട് 4.30 ന് മേയർ ഒ. സദാശിവൻ
ഉദ്ഘാടനം നിർവഹിക്കും.
പി. എ. ബക്കറിൻ്റെ_ സിനിമാലോകം എന്ന വിഷയത്തിൽ സംവിധായകൻ ടി.വി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ഫെസ്റ്റിവൽ ഡയറക്ടർ മധു ജനാർദനൻ ആമുഖ ഭാഷണം നടത്തും.
കവി ഒ. പി. സുരേഷ്
‘ചെലവൂർ വേണുവും ഫിലിം സൊസൈറ്റി പ്രസ്ഥാനവും’ എന്ന വിഷയത്തിൽ സംസാരിക്കും. ചടങ്ങിൽ സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ഛായാഗ്രാഹകൻ
എ. മുഹമ്മദിനെ ആദരിക്കും.
പ്രിയാ ശ്രീജിത്, കബനി വിജേഷ് എന്നിവർ സംസാരിക്കും.
മുതിർന്ന മാധ്യമ പ്രവർത്തകനും അശ്വിനി ഫിലിം സൊസൈറ്റി പ്രസിഡണ്ടുമായ കോയ മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും.
സംഘാടക സമിതി
കൺവീനർ പ്രദീപ് ഗോപാൽ സ്വാഗതവും അഡ്വ. കലാറാണി ചന്ദ്രൻ നന്ദിയും പറയും.
തുടർദിവസങ്ങളിൽ വൈകീട്ട് 4 മണിക്ക് ‘ഇന്ത്യൻ സിനിമ അദൃശ്യമാക്കിയ ദൃശ്യങ്ങൾ’, ‘മലയാള സിനിമയിലെ കേരളം’ എന്നീ വിഷയങ്ങളിൽ നടക്കുന്ന ഓപ്പൺ ഫോറങ്ങളിൽ സംവിധായകൻ പ്രകാശ് ബാരെ, ജി.പി. രാമചന്ദ്രൻ, വിധു വിൻസൻ്റ്, ദീദി ദാമോദരൻ, മധു ജനാർദനൻ, ഡോ. സീനാ പനോളി, ഡോ. എം. ഷിലുജാസ്, പ്രതാപ് ജോസഫ്, ഷാഹിനാ റഫീക്ക്, ആർ പ്രേംകുമാർ തുടങ്ങിയവർ സംസാരിക്കും.