പൊന്നാനി ഹാര്‍ബറില്‍ ഹിമകൂള്‍ ശീതീകരണ സംഭരണികള്‍ സ്ഥാപിച്ചു
കോഴിക്കോട്: തീരദേശ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ പൊന്നാനി ഹാര്‍ബറില്‍ സൗരോര്‍ജാധിഷ്ഠിത ശീതീകരണ സംഭരണികള്‍ സ്ഥാപിച്ചു. പ്ലസ് അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് നിര്‍മിച്ച ഹിമകൂള്‍ ശീതീകരണ സംഭരണികളാണ് കെഎസ്‌സിഎഡിസി സ്ഥാപിച്ചത്. ഫിഷറീസ് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യവ്യാപാരികള്‍ക്കും വിശ്വസനീയവും ശുചിത്വപരവും ഊര്‍ജക്ഷമവുമായ ശീതീകരണ സൗകര്യം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മന്ത്രി പദ്ധതി പ്രദേശം സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയും തൊഴില്‍ മേഖലയില്‍ അവര്‍ക്കുണ്ടാകുന്ന പ്രയോജനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
കേരള സര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പാക്കുന്ന മത്സ്യവികസന പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. മത്സ്യബന്ധന മേഖലയില്‍ വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറയ്ക്കുക, മത്സ്യത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തുക, മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യവ്യാപാരികള്‍ക്കും വരുമാന സാധ്യതകള്‍ വര്‍ധിപ്പിക്കുക, സുസ്ഥിരമായ കോള്‍ഡ് ചെയിന്‍ അടിസ്ഥാനസൗകര്യം പ്രോത്സാഹിപ്പിക്കുക എന്നിവയും പദ്ധതി ലക്ഷ്യംവെക്കുന്നു.
ഓരോ ഹിമകൂള്‍ സോളാര്‍ കോള്‍ഡ് സ്‌റ്റോറേജ് യൂണിറ്റിനും അഞ്ച് മെട്രിക് ടണ്‍ സംഭരണശേഷിയുണ്ട്. -2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ +4 ഡിഗ്രി വരെ താപനില നിലനിര്‍ത്താന്‍ കഴിയുന്ന തരത്തിലാണ് സ്‌റ്റോറേജ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മത്സ്യം കേടുകൂടാതെ മൂന്നു മുതല്‍ നാല് ആഴ്ച വരെ സംഭരിക്കാനാകും. ശീതീകരണത്തിനായി ഇലക്ട്രിക്കല്‍ ബാറ്ററികള്‍ ആവശ്യമില്ലാതെ 48 മണിക്കൂര്‍ വരെ താപ ബാക്കപ്പ് നല്‍കാന്‍ കഴിയുമെന്ന് പ്ലസ് ടെക്‌നോളജീസ് എംഡി സ്മിത് ജെയിന്‍ പറഞ്ഞു.