ആഫ്രിക്കൻ യുവാക്കൾക്ക് പരിശീലകനായി ഊരാളുങ്കൽ പ്രതിനിധി
കോഴിക്കോട്: സാംബിയയിലെ ലുസാക്കയിൽ നടന്ന മൂന്നുദിവസത്തെ അന്താരാഷ്ട്ര സഹകരണ കോൺഫറൻസിൽ വിശിഷ്ടപ്രസംഗകനും മെന്ററുമായി ഊരാളുങ്കൽ പ്രതിനിധി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചീഫ് പ്രൊജക്ട് കോ- ഓർഡിനേറ്റർ ടി. കെ. കിഷോർ കുമാറാണ് ആഫ്രിക്കയിലുടനീളമുള്ള സഹകരണനേതാക്കൾ, നയരൂപകർത്താക്കൾ, ഗവേഷകർ, വികസനപങ്കാളികൾ, യുവസഹകരണ സംരംഭകർ എന്നിവർ ഒത്തുചേർന്ന സമ്മേളനത്തിൽ പരിശീലകനായത്. ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിന്റെ (ഐസിഎ) ഗ്ലോബൽ കോ-ഓപ്പറേറ്റീവ് കൾച്ചർ ആൻഡ് ഹെറിറ്റേജ് വർക്കിംഗ് ഗ്രൂപ്പ് അംഗവും ഐസിഎ ഏഷ്യ-പസഫിക് കാർഷിക-പരിസ്ഥിതി കമ്മിറ്റി വൈസ് ചെയർപേഴ്സണുമാണു കിഷോർ കുമാർ.
കോ-ഓപ്പറേഷൻ ആഫ്രിക്കയും ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ്-ആഫ്രിക്കയും (ഐസിഎ-ആഫ്രിക്ക) സംയുക്തമായാണ് ഓഗസ്റ്റ് 24 മുതൽ 26 വരെ നടന്ന ‘ഇന്റർനാഷണൽ കോൺഫറൻസ് ഓൺ വർക്കർ കോ-ഓപ്പറേറ്റീവ്സ് ആൻഡ് ഡീസെന്റ് യൂത്ത് എംപ്ലോയ്മെന്റ് ഇൻ ആഫ്രിക്ക’ എന്ന സമ്മേളനം സംഘടിപ്പിച്ചത്.
മാന്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സംരംഭകത്വം വളർത്തുന്നതിലും എല്ലാവരെയും ഉൾക്കൊള്ളുന്ന സുസ്ഥിരസാമ്പത്തികവികസനം പ്രോത്സാഹിപ്പിക്കുന്നതിലും തൊഴിലാളിസഹകരണസംഘങ്ങൾ വഹിക്കുന്ന സുപ്രധാനപങ്കാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്തത്.
സമ്മേളനത്തിലും എസിഇ പ്രോഗ്രാമിലുമുള്ള കിഷോർ കുമാറിന്റെ പങ്കാളിത്തം ഇന്ത്യയിലെയും ആഫ്രിക്കയിലെയും സഹകരണപ്രസ്ഥാനങ്ങൾ തമ്മിലുള്ള അന്തർദേശീയസഹകരണവും വിജ്ഞാനവിനിമയവും കൂടുതൽ ശക്തിപ്പെടുത്താൻ വഴിതുറന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സംരംഭകവികസനത്തിലും സാമ്പത്തികവളർച്ചയിലും തൊഴിലാളിസഹകരണസംഘങ്ങൾക്ക് എങ്ങനെ സംഭാവന നൽകാൻ കഴിയുമെന്നതിന്റെ ഉദാഹരണമായി യുഎൽസിസിഎസിന്റെ അനുഭവങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടി.
‘ആഫ്രിക്കനും ആഗോളവുമായ തൊഴിലാളിസഹകരണസംഘങ്ങളും തൊഴിലവസരസൃഷ്ടിയും – ഉദാഹരണങ്ങൾ’ എന്ന വിഷയം കിഷോർ കുമാർ അവതരിപ്പിച്ചു. തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള സഹകരണസ്ഥാപനം എന്ന നിലയിലുള്ള യുഎൽസിസിഎസിന്റെ അനുഭവങ്ങളും വളർച്ചയും അദ്ദേഹം പങ്കുവെച്ചു. കൂട്ടായ ഉടമസ്ഥാവകാശം, സംരംഭകത്വം, നൂതനാശയങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തികപങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹകരണസംരംഭങ്ങൾക്ക് എങ്ങനെ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു.
ആഫ്രിക്ക കോ-ഓപ്പറേറ്റീവ് എൻ്റർപ്രണർഷിപ്പ് (എസിഇ) പ്രോഗ്രാമിന്റെ ഭാഗമായി, യുവ ആഫ്രിക്കൻ സഹകരണ അംബാസഡർമാരുമായും കിഷോർ കുമാർ സംവദിച്ചു. അവർക്ക് മാർഗ്ഗനിർദ്ദേശങ്ങളും നൽകി. സഹകരണപ്രസ്ഥാനത്തിൽ യുവാക്കളുടെ അർത്ഥവത്തായ പങ്കാളിത്തം ഉറപ്പാക്കുന്നതിലാണ് അദ്ദേഹം മുഖ്യമായി ഊന്നിയത്. യുവാക്കളെ സഹകരണസംഘങ്ങളുടെ ഗുണഭോക്താക്കളായി മാത്രം കാണാതെ, സജീവസംരംഭകരും അംഗങ്ങളും നൂതനാശയങ്ങൾ വികസിപ്പിക്കുന്നവരും തീരുമാനങ്ങളെടുക്കുന്നവരും പ്രസ്ഥാനത്തിന്റെ ഭാവിനേതാക്കളുമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ ഉൾപ്പെടെ ആഫ്രിക്കയിലുടനീളം വളർന്നുവരുന്ന യുവജനതൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ച കിഷോർ കുമാർ, യുവാക്കൾക്ക് മാന്യമായ തൊഴിൽ, കൂട്ടായ ഉടമസ്ഥാവകാശം, സംരംഭകത്വം, അർത്ഥവത്തായ സാമ്പത്തികപങ്കാളിത്തം എന്നിവയ്ക്കുള്ള അവസരങ്ങൾ നൽകാൻ സഹകരണ സംഘങ്ങൾക്കുള്ള കഴിവു വിവരിച്ചു. യുവാക്കളുടെ നേതൃത്വത്തിലുള്ള സഹകരണസംഘങ്ങൾ, സഹകരണവിദ്യാഭ്യാസം, സംരംഭകത്വം, നൂതനാശയങ്ങൾ, നേതൃത്വവികസനം എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സഹകരണപ്രസ്ഥാനത്തിന്റെ ഭാവിയിൽ യുവാക്കളെ കേന്ദ്രസ്ഥാനത്തു നിർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സഹകരണസംഘങ്ങളിലൂടെ യുവാക്കളെ ശാക്തീകരിക്കുന്നത് കേവലം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുവേണ്ടി മാത്രമല്ല; കൂടുതൽ ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥയെ രൂപപ്പെടുത്താൻ കഴിയുന്ന സംരംഭകരെയും ഉടമകളെയും നേതാക്കളെയും സൃഷ്ടിക്കുന്നതിനുകൂടിയാണെന്ന് കിഷോർ കുമാർ പറഞ്ഞു. തൊഴിൽ, സംരംഭകവികസനം, സാമ്പത്തികശാക്തീകരണം എന്നിവയ്ക്കുള്ള പ്രായോഗികമാർഗ്ഗമായി സഹകരണസംരംഭകത്വത്തെ പ്രയോജനപ്പെടുത്താൻ മെന്ററിംഗ് സെഷനുകൾ പങ്കാളികൾക്കു വളരെ പ്രയോജനമായെന്നു സമ്മേളനം വിലയിരുത്തി.
മികച്ച സഹകരണ സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിനും ആഫ്രിക്കയിലെ യുവതലമുറയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദക്ഷിണ-ദക്ഷിണ സഹകരണത്തിന്റെയും പരസ്പര പഠനത്തിന്റെയും പ്രാധാന്യം ഈ ഇടപെടൽ കൂടുതൽ ഉറപ്പിച്ചു.