കോഴിക്കോട്: ഭിന്നശേഷിവിഭാഗങ്ങളുടെ ജീവിതത്തിലേക്കു പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള ഉപാധിയായിക്കൂടി മാറിയ സ്പെഷ്യൽ ഒളിമ്പിക്സ് പോലുള്ള പരിപാടികള്‍ വരുംവര്‍ഷങ്ങളിലും സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ മൂന്നു ദിവസമായി നടന്നുവന്ന സ്പെഷ്യൽ ഒളിമ്പിക്സിന്റെ സമാപനസമ്മേളനം വനം മന്ത്രി എ. കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്പെഷ്യൽ ഒളിമ്പിക്സ് കേരളയും കോഴിക്കോട് നഗരസഭയും ചേർന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പിന്തുണയോടെയാണ് സ്പെഷ്യൽ ഒളിമ്പിക്സ് സംഘടിപ്പിച്ചത്.
മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തിയ വന്‍ ജനാവലി ഈ പരിപാടിക്കു ലഭിച്ച സ്വീകാര്യതയുടെ തെളിവാണ്. ഭിന്നശേഷിക്കാർക്കു കൃത്യമായ പരിഗണന നല്‍കിയാണ് എൽഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തെ പൊതുവിടങ്ങള്‍ ഭിന്നശേഷീസൗഹൃദമാക്കാനുള്ള ബാരിയര്‍ ഫ്രീ കേരള പദ്ധതിയിൽ രണ്ടായിരത്തിലധികം പൊതുകെട്ടിടങ്ങള്‍ ഭിന്നശേഷിസൗഹൃദമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. എല്ലാ ജില്ലയിലും ഭിന്നശേഷിസേവനങ്ങള്ക്കായി കമ്മിറ്റികള്‍ രൂപവത്ക്കരിച്ചതും സര്‍ക്കാര്‍ജോലിയില്‍ ഭിന്നശേഷിസംവരണം നാലുശതമാനമായി ഉയര്‍ത്തിയതും എയ്ഡഡ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഭിന്നശേഷിക്കാര്‍ക്കു സംവരണം ഏര്‍പ്പെടുത്തിയതും ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നാലരലക്ഷത്തോളം ഭിന്നശേഷിക്കാര്‍ക്കു സാമൂഹ്യസുരക്ഷാപെന്‍ഷന്‍ നല്കുന്നു. ‘നിരാമയ’ ആരോഗ്യ ഇന്‍ഷുറന്‍സില്‍ 75,000-ത്തോളംപേര്‍ക്ക് സഹായം ലഭ്യമാക്കിവരുന്നു. വിദ്യാകിരണം, വിദ്യാജ്യോതി, സ്വാശ്രയ, സഹചാരി, വിജയാമൃതം, ശ്രേഷ്ഠം, സ്നേഹയാനം തുടങ്ങി നിരവധി പദ്ധതികളിലൂടെ ഭിന്നശേഷിക്കാര്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ മുന്നേറ്റം ഉണ്ടാക്കാനുള്ള ഇടപെടലുകളും സംസ്ഥാനസര്‍ക്കാര്‍ നടത്തിവരികയാണ്. ഇതെല്ലാം ഭിന്നശേഷിക്കാര്‍ പൊതുസമൂഹത്തിന്റെ ഭാഗമായി കലര്ന്നൊഴുകുന്നതിനുള്ള പിന്തുണ നല്കുമെന്നു മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രത്യേക സ്വാഗതഗാനത്തോടെ തുടങ്ങിയ സമ്മേളനത്തിന് കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് സ്വാഗതം ആശംസിച്ചു. തുടർന്ന്, സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത്-കേരള പ്രസിഡന്റ് ഡോ. എം. കെ. ജയരാജ് റിപ്പോർട്ട് അവതരിപ്പിച്ചു.
മുഴുവൻ ജില്ലകളിലെയും മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളുകൾക്കും മാർച്ച് പാസ്റ്റിൽ ആദ്യനാലു സ്ഥാനങ്ങൾ നേടിയ ജില്ലകൾക്കും ട്രോഫികൾ സമ്മാനിച്ചു. മാർച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനം കോഴിക്കോടിനാണ്. രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ മലപ്പുറം, കോട്ടയം, പാലക്കാട് ജില്ലകൾ നേടി. കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി. പി. ദാസൻ, മുൻ എംഎൽഎ എ പ്രദീപ് കുമാർ, കോഴിക്കോട് കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി ദിവാകരൻ, യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി, പ്രൊഫ. ഗോപാലൻകുട്ടി മാസ്റ്റർ, മേയർ ഡോ. ബീന ഫിലിപ്, ഗോപാലൻ, ബിഎൽഎം സൊസൈറ്റി ഡയറക്ടർ വി. കെ. സിബി, എസ്ഒബി കേരള ഏരിയ ഡയറക്ടർ ഫാ. റോയി കണ്ണാഞ്ചിറ, ഡോ. എം. കെ. ജയരാജ്, എസ്ഒബി – കേരള പ്രോഗ്രാം മാനേജർ സിസ്റ്റർ റാണി ജോ എന്നിവരാണു ട്രോഫികൾ സമ്മാനിച്ചത്.
എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ടി.പി. രാമകൃഷ്ണൻ, കെ. എം. സച്ചിൻ ദേവ്, പി. ടി. എ. റഹീം, ലിന്റോ ജോസഫ്, കോഴിക്കോട് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഒ പി ഷിജിന, നികുതികാര്യ സ്ഥിരംസമിതി ചെയർമാൻ പി കെ നാസർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, പി മോഹനൻ മാസ്റ്റർ, വി കെ സജീവൻ, കെ കെ ബാലൻ മാസ്റ്റർ, എം കെ റസാക്ക് മാസ്റ്റർ, എം കെ ഭാസ്കരൻ, മുക്കം മുഹമ്മദ്, ടി എം ജോസഫ്, എന്നിവർ ആശംസ നേർന്നു.
കായികതാരങ്ങളും അനുയാത്രചെയ്ത രക്ഷിതാക്കളും അദ്ധ്യാപകരും ഉൾപ്പെടെ 7000-ൽപ്പരം പേരും വളന്റിയർമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 7,200-ൽപ്പരംപേരുടെ കായികമാമാങ്കത്തിനാണു കൊടിയിറങ്ങിയത്. സമാപനദിനത്തിൽ 400 മീറ്റർ, 800 മീറ്റർ ഓട്ടം, റിലേ എന്നിവയടക്കം വിവിധ ഇനങ്ങളിലായി ആയിരത്തോളം ഭിന്നശേഷികായികതാരങ്ങൾ മാറ്റുരച്ചു. അഞ്ചു പ്രായവിഭാഗങ്ങളിൽ 200 മത്സരങ്ങളാണ് ഇന്നലെ നടന്നത്. മൂന്നുദിവസവുംകൂടി 5400 സ്പെഷ്യൽ കായികപ്രതിഭകളാണു 24 ഇനങ്ങളിലായി സ്പെഷ്യൽ ഒളിമ്പിക്സിൽ മത്സരിച്ചത്. ശാരീരിക, ബൗദ്ധികവെല്ലുവിളികളുടെ തോതനുസരിച്ച് ലോവർ എബിലിറ്റി, ഹയർ എബിലിറ്റി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി ആയിരുന്നു മത്സരങ്ങൾ. ഓരോ വിഭാഗത്തിലും 8-11, 12-15, 16-21, 22-29, 30-ഉം മുകളിലും എന്നിങ്ങനെ അഞ്ചു പ്രായഗ്രൂപ്പുകളും ഉണ്ടായിരുന്നു.

