ഗോകുലം കേരളക്ക് വമ്പൻ ജയം

കോഴിക്കോട്: ഐ ലീഗിൽ വിജയവഴിയിലേക്ക് തിരിച്ചെത്തി ഗോകുലം കേരള എഫ് സി. പഞ്ചാബിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിന് ഡൽഹി എഫ്.സിയെയാണ് ഗോകുലം പരാജയപ്പെടുത്തിയത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ മലബാറിയൻസ് മികച്ച ജയമാണ് നേടിയത്.

സെർജിയോയുടെ നേതൃത്വത്തിൽ സൂസൈരാജ്, അഡാമ, സിനിസ എന്നിവരെ മുന്നേറ്റത്തിൽ നിർത്തിയായിരുന്നു ടീം ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഇരു ടീമുകളും പതുക്കെയുള്ള നീക്കങ്ങളായിരുന്നു നടത്തിയത്. ആദ്യ 30 മിനുട്ടിനുള്ളിൽ ഗോകുലത്തിന് ഗോളിലേക്കുള്ള അവസരങ്ങൾ തുറന്നു കിട്ടിയെങ്കിലും 41ാം മിനുട്ടിലായിരുന്നു ആദ്യ ഗോൾ വന്നത്. 41ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽ നിന്ന് അഡമയായിരുന്നു ഗോകുലത്തിനായി ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗോകുലം ആധിപത്യം പുലർത്തി. രണ്ടാം പകുതിയിൽ വർദ്ധിത ശക്തിയുമായി എത്തിയ ടീം 63ാം മിനുട്ടിലായിരുന്നു രണ്ടാം ഗോൾ ഡൽഹിയുടെ വലയിലെത്തിച്ചത്. മൈതാന മധ്യത്തിൽനിന്ന് ലഭിച്ച പന്തുമായി മുന്നേറിയ അഡമ പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചതോടെ സ്‌കോർ 2-0 എന്നായി.

രണ്ട് ഗോൾ നേടിയതോടെ ഡൽഹിക്കുമേൽ സമ്പൂർണ ആധിപത്യം പുലർത്തിയ ഗോകുലം 81ാം മിനുട്ടിൽ രാഹുലിലൂടെ മൂന്നാം ഗോളും എതിരാളിയുടെ വലയിലെത്തിച്ച് വിജയത്തിന്റെ സൂചന നൽകി. പകരക്കാരനായി കളത്തിലെത്തി അധികം വൈകാതെയായിരുന്നു രാഹുലിന്റെ ഗോൾ. ലെഫ്റ്റ് വിങ്ങിൽനിന്ന് പന്തുമായി മുന്നേറിയ രാഹുലിന്റെ ഷോട്ട് നേരെ പോയത് ഡൽഹിയുടെ പോസ്റ്റിലേക്കായിരുന്നു. സ്‌കോർ 3-0. ക്യാപ്റ്റൻ സെർജിയോ നൽകിയ പാസിൽ നിന്നായിരുന്നു സിനിസയുടെ ഗോൾ പിറന്നത്. പിന്നീട് കൃത്യമായ ഇടവേളകളിൽ ഗോകുലം പന്ത് ലക്ഷ്യത്തിലെത്തിച്ചുകൊണ്ടിരുന്നു. 89ാം മിനുട്ടിലാണ് അരങ്ങേറ്റക്കാരൻ സിനിസയുടെ ഗോൾ വന്നത്. 95ാം മിനുട്ടിൽ ഡൽഹിയുടെ ബോക്‌സിൽ നിന്ന് ലഭിച്ച പന്തിനെ രണ്ടാമതൊന്ന് ആലോചിക്കാതെ അബലെഡോ ലക്ഷ്യത്തിലെത്തിച്ചതോടെ ഗോകുലത്തിന്റെ ഗോൾ വേട്ട അവസാനിക്കുകയായിരുന്നു.

ഏഴ് മത്സരത്തിൽനിന്ന് 10 പോയിന്റുള്ള ഗോകുലം പട്ടികയിൽ നാലാം സ്ഥാനത്താണിപ്പോൾ. 14ന് ഗോവയിൽ ഡെമ്പോക്ക് എതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *