കോഴിക്കോട്: കേരള വനിതാ കമീഷന്‍ സംഘടിപ്പിക്കുന്ന തീരദേശ മേഖലാ ക്യാമ്പ് ജൂണ്‍ 20, 21 തീയതികളില്‍ കോഴിക്കോട് നടക്കും. തീരദേശ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സര്‍ക്കാറിന് ശിപാര്‍ശ നല്‍കുകയുമാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഗൃഹസന്ദര്‍ശനം, ഏകോപനയോഗം, സെമിനാര്‍ എന്നിവയും സംഘടിപ്പിക്കും. എലത്തൂര്‍ സേതു സീതാറാം എഎല്‍പി സ്‌കൂളില്‍ 20ന് വൈകിട്ട് മൂന്നിന് ചേരുന്ന ഏകോപനയോഗം വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യും.
ക്യാമ്പിന്റെ രണ്ടാം ദിനമായ 21ന് രാവിലെ എട്ടിന് ചെയര്‍പേഴ്‌സണും അംഗങ്ങളും മത്സ്യത്തൊഴിലാളി വീടുകള്‍ സന്ദര്‍ശിക്കും. രാവിലെ 10ന് എലത്തൂര്‍ സേതു സീതാറാം എഎല്‍പി സ്‌കൂളില്‍ നടക്കുന്ന സെമിനാര്‍ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ പി ഷിജിന അധ്യക്ഷത വഹിക്കും. വനിതാ കമീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ ആമുഖ പ്രഭാഷണം നടത്തും. സാഫ് പദ്ധതികളെക്കുറിച്ച് കോഴിക്കോട് ഫഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി സുനീറും ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി കെ ആതിരയും ക്ലാസെടുക്കും.

