തുരങ്ക പാത: ആശങ്കകൾ കേട്ട് തെളിവെടുപ്പ്

കോഴിക്കോട്: ആനക്കാംപൊയിൽ മുതൽ വയനാട് മേപ്പാടി വരെയുള്ള ഇരട്ട തുരങ്ക പാതയുടെ നിർമ്മാണത്തിനുള്ള പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുജനങ്ങൾക്കായി പൊതു തെളിവെടുപ്പ് നടത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആഭിമുഖ്യത്തിലാണ് തെളിവെടുപ്പ് നടത്തിയത്. 16 പേർ പരിപാടിയുടെ ഭാഗമായി. പദ്ധതി കടന്നു പോവുന്ന പ്രദേശത്തെ ജനങ്ങളെ കേട്ട ശേഷം മുഴുവൻ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചു കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു.

വയനാട് ജില്ലയിലെ തെളിവെടുപ്പ് പൂർത്തിയായി കഴിഞ്ഞു. ഹൈവേ വിഭാഗത്തിൽ ഉൾപ്പെടുന്ന പാത ആരംഭിക്കുക കോഴിക്കോട് ജില്ലയിലെ മറിപ്പുഴയിലും അവസാനിക്കുന്നത് വയനാട് മീനാക്ഷിപ്പുഴ പാലത്തിലുമാണ്. 8.735 കിലോ മീറ്ററാണ് തുരങ്ക പാതയുടെ ആകെ ദൈർഘ്യം. ഇതിൽ 8.110 കിലോമീറ്ററാണ് തുരങ്കത്തിന്റെ മാത്രം ദൈർഘ്യം. 5.771 കിലോമീറ്റർ വനഭൂമിയിലൂടെയാണ് പാത കടന്നു പോവുന്നത്. ഓരോ ദിശയിലും രണ്ട് വരിയുടെ രണ്ട് ട്യൂബുകൾ വീതമുള്ള നാലു വരി ഗതാഗതമാണ് ഉദ്ദേശിക്കുന്നത്. 2043.74 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

ലിന്റോ ജോസഫ് എംഎൽഎ, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ പി പി ശാലിനി, മലിനീകരണ നിയന്ത്രണ ബോർഡ്‌ മേഖലാ ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ സിന്ധു രാധാകൃഷ്ണൻ, ജില്ലാ എൻവയോൺമെന്റൽ എഞ്ചിനീയർ സൗമ ഹമീദ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ആനക്കാംപൊയിൽ മുതൽ വയനാട് മേപ്പാടി വരെയുള്ള ഇരട്ട തുരങ്ക പാതയുടെ പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുജനങ്ങൾക്കായി നടത്തിയ പൊതു തെളിവെടുപ്പിൽ നിന്ന്

Leave a Reply

Your email address will not be published. Required fields are marked *