റെയിൽവേ സ്‌റ്റേഷന്റെ നവീകരണ പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കണം: വ്യാപാരികള്‍

കോഴിക്കോട്:  ഇഴഞ്ഞു നീങ്ങുന്ന കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രൂതഗതിയിലാക്കാന്‍ ദക്ഷിണ റെയില്‍വേ സമഗ്രമായ ഇടപെടലുകള്‍ നടത്തണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്നോ പൊളിച്ചു മാറ്റേണ്ട ക്ലോക്ക് ടവറാണ് ഇപ്പോള്‍ തകര്‍ന്നു വീണത്. അധികൃതര്‍ മുന്‍കരുതലെടുത്തതു കൊണ്ടു മാത്രമാണ് ആളപായവും മറ്റും ഒഴിവായതെന്ന് സമിതി ജില്ലാ പ്രസിഡന്റ് സൂര്യ ഗഫൂര്‍ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

2024 ജൂണില്‍ മൂന്നു വര്‍ഷത്തെ കാലാവധി നിശ്ചയിച്ച്  ആരംഭിച്ച നിര്‍മാണ പ്രവൃത്തി ഇപ്പോഴും കാല്‍ ഭാഗം പോലും പൂര്‍ത്തിയാകാത്ത അവസ്ഥയിലാണ്. നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനി നാമമാത്രമായ തൊഴിലാളികളെ വച്ചാണ് കാര്യങ്ങള്‍ നീക്കുന്നത്.  അറ്റകുറ്റപ്പണികള്‍ക്കായി പൊളിച്ചിട്ടതിനാല്‍ റെയില്‍വെ സ്റ്റേഷനില്‍ വാഹനങ്ങള്‍ക്ക് മതിയായ പാര്‍ക്കിംഗ് ഇല്ല. മുന്‍വശത്തെ റോഡാവട്ടെ ഗതാഗത കുരുക്കിലുമാണ്. മഴ പെയ്തതോടെ വെള്ളക്കെട്ടും രൂക്ഷമാണ്.അന്താരാഷ്ട്ര നിലവാരമുള്ള റെയില്‍വെ സ്റ്റേഷന്‍ കാത്തിരുന്നവര്‍ക്ക് ദുരിതമാണ് ഇപ്പോള്‍ റെയില്‍വെ സമ്മാനിക്കുന്നത്. രാജ്യത്ത്  തന്നെ അതിവേഗം വളരുന്ന നഗരമായി കോഴിക്കോട് ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അതിന് അപമാനമാകുകയാണ് റെയില്‍വെ സ്റ്റേഷന്റെ നവീകരണ പ്രവൃത്തികളെന്നും സമിതി കുറ്റപ്പെടുത്തി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000