കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 2.32 ലക്ഷം രൂപ പിഴയും ശിക്ഷ. കല്ലായി കീഴാർമഠം തറയിൽ ദാനിഷിനാണ് (37) ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതി (പോക്സോ) ജഡ്ജി രാജീവ് ജയരാജ് ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലായി മൊത്തം 80 വർഷം കഠിനതടവ് വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതി. പിഴസംഖ്യയിൽനിന്ന് ഒരു ലക്ഷം രൂപ കുട്ടിക്ക് നഷ്ടം നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷംകൂടി തടവനുഭവിക്കണമെന്നും കോടതി നിർദേശിച്ചു.
2020 മാർച്ചിനും ഡിസംബറിനുമിടയിൽ പലതവണ 14കാരിയെ പ്രതി നിർബന്ധിച്ച് വീട്ടിലെത്തിച്ച് അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചെന്നും കുട്ടി കൂടെ വരാതിരുന്നപ്പോൾ അടിച്ച് മുറിവേൽപ്പിച്ചെന്നുമാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ആർ എൻ രഞ്ജിത് ഹാജരായി. പന്നിയങ്കര പൊലീസാണ് കേസെടുത്തത്.

