സംസ്ഥാനം 654.5 മെഗാവാട്ട് അധിക ഉൽപ്പാദന ശേഷി കെെവരിച്ചു: മുഖ്യമന്ത്രി


പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഈ സർക്കാർ അധികാരത്തിലെത്തിയശേഷം മാത്രം വെെദ്യുതി മേഖലയിൽ 654.5 മെഗാ വാട്ടിന്റെ അധിക ഉൽപ്പാദന ശേഷി സംസ്ഥാനം കെെവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2016 മുതൽ ജലവെെദ്യുത പദ്ധതികളിലൂടെ മാത്രം 50.6 മെഗാവാട്ടിന്റെ അധിക ഉൽപ്പാദന ശേഷിയാണ് കേരളം കെെവരിച്ചത്. 24.5 മെഗാവാട്ട് ശേഷിയുള്ള ചെറുകിട വെെദ്യുതി നിലയങ്ങൾ എനർജി മാനേജ്മെന്റ് സെന്റർ മുഖേന സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ഇടപെടലുകളുടെ തുടർച്ചയായാണ് പെരുവണ്ണാമുഴിയിലെ പദ്ധതിയും യാഥാർത്ഥ്യമായത്.

സൗരോർജത്തെ ഊർജ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി സൗര എന്ന പേരിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയുണ്ട്. ക്ലീൻ എനർജി എന്ന പേരിൽ ഹരിത ഹെെഡ്രജനെ സംസ്ഥാനത്തിന്റെ ഊർജ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയാണ്. 2566 കോടി രൂപ ചെലവഴിച്ച് ട്രാൻസിറ്റ് പദ്ധതി നടപ്പാക്കി കഴിഞ്ഞു. ഈ പദ്ധതിയുടെ രണ്ടാംഘട്ടമായി ഹരിതോർജ ഇടനാഴി പദ്ധതി നടപ്പാക്കി വരികയാണ്. ഊർജ ഉൽപ്പാദനത്തിലെ വർദ്ധനവ് നാടിന്റെ കാർഷിക, വ്യാവസായിക, വാണിജ്യ മേഖലകൾക്ക് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നാടിന്റെ അടിസ്ഥാന സൗകര്യ വികസനമെന്ന നിലയ്ക്കാണ് വെെദ്യുത മേഖലയെ സർക്കാർ കാണുന്നത്. 2025 ആകുമ്പോഴേക്ക് കേരളത്തിന്റെ വെെദ്യുതി ആവശ്യകതയുടെ 40 ശതമാനം പുനരുപയോഗ സാധ്യതയുള്ള സ്രോതസുകളിൽ നിന്ന് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി മേഖലകളിലെ എല്ലാ വീടുകളിലും വെെദ്യുതി എത്തിക്കുമെന്ന് വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. നിലവിൽ 97 കോളനികളാണ് ഇത്തരത്തിലുള്ളതെന്നും ഇവിടങ്ങളിലെല്ലാം തന്നെ ഈ സാമ്പത്തിക വർഷം വെെദ്യുതി ലഭ്യമാക്കാൻ ശക്തമായ നടപടികളാണ്  സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

പുരപ്പുറ സൗരോർജ പദ്ധതി സാധാരണക്കാരനും ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തും. ഉത്പ്പാദന ശേഷം പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത നിലയത്തിൽ നിന്നും പുറന്തള്ളുന്ന വെള്ളം തിരിച്ച് സ്റ്റോർ ചെയ്ത് വീണ്ടും വെെദ്യുതി ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്ന പമ്പ് ഡിസ്റ്റോറേജിനുള്ള സാധ്യത പരിശോധിക്കും. കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള 400 കെവി പവർ ഹെെവേയുടെ നിർമ്മാണം പൂർത്തിയായെന്നും മന്ത്രി പറഞ്ഞു.

വിനോദസഞ്ചാര,  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ടി പി രാമകൃഷ്ണൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സുനിൽ, ഉണ്ണി വേങ്ങേരി, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ബ്ലോക്ക് മെമ്പർ ഗിരിജ ശശി, പഞ്ചായത്തംഗം വിനിഷ ദിനേശ്, സി ഡി എസ് ചെയർ പേഴ്സൺ ശോഭ പട്ടാണിക്കുന്ന്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. കെ എസ് ഇ ബിയുടെ ജനറേഷൻ – ഇലട്രിക്കൽ റീസ്, സൗര, സ്പോർട്സ് ആൻ്റ് വെൽഫെയർ ഡയറക്ടർ ജി സജീവ് സ്വാഗതവും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഡി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *