കോഴിക്കോട്: സംസ്ഥാന സർക്കാറിൻ്റെ കെ- സ്മാർട്ട് പദ്ധതിയെ പൊതുസമൂഹം സ്വാഗതം ചെയ്യപ്പെടേണ്ട ഭരണ പരിഷ്കരണമായി കോഴിക്കോട് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന വിവിധ സംഘടനാ പ്രതിനിധികളുടെ
യോഗം വിലയിരുത്തി. പൊതു നന്മയ്ക്കായുള്ള ഈ മാറ്റത്തിന് എല്ലാ പിന്തുണയും സഹകരണവും നൽകാൻ യോഗം തീരുമാനിച്ചു.
കെ – സ്മാർട്ട് പദ്ധതി നടപ്പാക്കുന്നതിലൂടെ ഫയലുകൾ അതിവേഗം തീർപ്പാക്കാൻ സാധിക്കും.
സർക്കാർ ഓഫീസുകൾ നൂറു ശതമാനം കടലാസ് രഹിത പരിസ്ഥിതി സൗഹൃദ സംവിധാനത്തിലാകുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുജനങ്ങളുടെ സന്ദർശന ബാഹുല്യം കുറയ്ക്കാനും പല കാര്യങ്ങൾക്കും ഓഫീസ് സന്ദർശനം പൂർണമായും ഒഴിവാക്കാനും കഴിയും. ജീവിതത്തിരക്കുകൾക്കിടയിൽ പൊതു ജനങ്ങൾക്ക് ഈ മാറ്റം വളരെ പ്രയോജനകരമാണ്.
ഇപ്പോൾ പ്രാബല്യത്തിൽ വന്ന കെ സ്മാർട്ട് സോഫ്റ്റ് വെയർ ഉപയോഗിക്കാൻ എളുപ്പവും സുതാര്യവും നിയമവ്യവസ്ഥകൾ വിവിധ തരത്തിൽ വ്യാഖ്യാനിക്കപ്പെടാൻ ഇടയില്ലാത്ത വിധം കൃത്യതപ്പെടുത്തിയതും വ്യക്തതപ്പെടുത്തിയതും ആയതിനാൽ ജീവനക്കാർക്ക് സധൈര്യം അവരുടെ ജോലി ചെയ്യാവുന്നതും മറ്റു നൂലാമാലകൾ ഇല്ലാത്തതും അതു വഴി പൊതുജനങ്ങൾക്ക് കാലതാമസമില്ലാത്തതും അഴിമതി രഹിതവുമായ സർക്കാർ സേവനങ്ങൾ ഉറപ്പാക്കാൻ വഴിയൊരുക്കുന്നതുമാണ്.
ഏതൊരു പുതിയ സോഫ്റ്റ് വെയർ നടപ്പാക്കുമ്പോഴും പ്രാരംഭ ഘട്ടത്തിൽ ചെറിയ പ്രയാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് കാലക്രമേണ പരിഹരിക്കാവുന്നതേയുള്ളൂവെന്ന് യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. മുൻകാലങ്ങളിലും സർക്കാറുകൾ വിവര സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തിൽ പല മാറ്റങ്ങളും നടപ്പാക്കിയപ്പോഴും തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടുവെങ്കിലും പിന്നീട് അവ ജീവനക്കാർക്കും പൊതു സമൂഹത്തിനും ഒരേ പോലെ പ്രയോജനകരമായി തീർന്നു എന്നതിന് നമുക്ക് മുന്നിൽ ഉദാഹരണങ്ങൾ പലതുണ്ട്.
ഇന്നത്തെ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കാലത്ത് വളരെ മെച്ചപ്പെട്ട രീതിയിലുള്ള സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള പരിഷ്കരണമായ
“കെ -സ്മാർട്ട്” എന്ന ആശയത്തിന് രൂപം കൊടുക്കുകയും അത് യാഥാർഥ്യമാക്കാൻ നിശ്ചയദാർഢ്യത്തോടെ അതിന് പിന്നിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരെയും അതിന് നേതൃത്വം നൽകിയ സംസ്ഥാന സർക്കാറിനെയും ജന നന്മയ്ക്കായുള്ള ഈ മാറ്റം ഫലപ്രദമായി നടപ്പാക്കാൻ സഹകരിച്ചു കൊണ്ടിരിക്കുന്ന സർക്കാർ ജീവനക്കാരെയും യോഗം അഭിനന്ദിച്ചു. ജനാധിപത്യ സംവിധാനത്തിൽ ഏത് ഭരണ പരിഷ്കരണവും പൂർണാർത്ഥത്തിൽ വിജയകരമാകുന്നത് ജനങ്ങളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിൽ നിന്നാണ്. കെ-സ്മാർട്ട് പദ്ധതിയ്ക്കായും നമുക്ക് കൈകോർക്കാം.
ഹോട്ടൽ അളകാപുരിയിൽ നടന്ന യോഗത്തിൽ
മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് എം എ മെഹബൂബ് , കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡൻ്റ് വിനീഷ് വിദ്യാധരൻ, ഗ്രാജുവേറ്റ് സിവിൽ എഞ്ചിനിയേഴ്‌സ് അസോസിയേഷൻ പ്രതിനിധികളായ കെ പി രാജീവ് ,കെ ഷാജു , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കോഴിക്കോട് ചാപ്റ്റർ ചെയർമാൻ സി നൗഫൽ , ലെൻസ് ഫെഡ് പ്രതിനിധി ടി ജാബിർ, റെൻസ് ഫെഡ് പ്രതിനിധി അബ്ദുൽ മുനീർ , ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രതിനിധി സുബൈർ കൊളക്കാടൻ, ക്രെഡായ് പ്രതിനിധി കെ ജി സുഭാഷ്, കെ വി ഹസീബ് അഹമ്മദ് എന്നിവർ സംസാരിച്ചു.
കെ- സ്മാർട്ട് സ്വാഗതാർഹം: കോഴിക്കോട് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് ഫോറം

