നിയമവിരുദ്ധ മത്സ്യബന്ധനം; ബോട്ടും മത്സ്യവും പിടിച്ചെടുത്തു

കോഴിക്കോട്: കൊയിലാണ്ടി ഭാഗത്ത് നിന്നും നിയമ വിരുദ്ധ മത്സ്യ ബന്ധനം നടത്തിയ യന്ത്രവല്‍കൃത ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി. ബോട്ടില്‍ നിന്നും ലഭിച്ച മത്സ്യം ലേലം ചെയ്തു തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. പുതിയാപ്പ സ്വദേശിയുടെ ഉടമസ്ഥതയിലുളള ബോട്ടാണ് ഫിഷറീസ് അസി.് ഡയറക്ടര്‍ സുനീര്‍ വി, കോഴിക്കോട് ഫിഷറീസ് അസി. രജിസ്ട്രാര്‍  വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രികാല ട്രോളിംഗ് നടത്തിയതിന് പിടികൂടിയത്. നിയമാനുസൃത ലൈസന്‍സ് ഇല്ലാത്തതിനും ബോട്ടിനെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നടപടിയെടുത്തു.

ജില്ലയില്‍ പൊലാജിക് വല ഉപയോഗിച്ചുള്ള ട്രോളിംഗ്, കരവലി, രാത്രികാല ട്രോളിംഗ്, ചെറുമത്സ്യങ്ങളെ പിടിക്കല്‍, നിയമാനുസൃത രജിസ്ട്രേഷനും ലൈസന്‍സും ഇല്ലാതെയുള്ള മത്സ്യബന്ധനം തുടങ്ങിയ അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന
നടപടികള്‍ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പട്രോളിംഗ് ശക്തമാക്കുമെന്നും ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു. മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് ഫിഷറി ഗാര്‍ഡുമാരായ ഷാജി. കെ.കെ, ജിതിന്‍ദാസ്. കെ, റെസ്‌ക്യൂ ഗാര്‍ഡുമാരായ  നിധീഷ്, സുമേഷ് എന്നിവരും പരിശോധന ടീമില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *