വീണ്ടും ലഹരിവേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: ബംഗളൂരുവിൽ നിന്നും ട്രെയിൻ മാർഗം എംഡിഎംഎ എത്തിച്ച് വിൽപന നടത്തുന്ന യുവാവിനെ പിടികൂടി. മാവൂർ കണ്ണിപറമ്പ് തയ്യിൽ തൊടികയിൽ പി ടി അമീർ ഷർവാനെ(26) യാണ് വലിയങ്ങാടി ഭാഗത്ത് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും എസ്ഐ ശ്രീസിതയുടെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 27 ഗ്രാം എംഡിഎം എ പോലീസ് പിടിച്ചെടുത്തു.
ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി മാവൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അന്വേഷണം അമീറിലേക്ക് എത്തിയത്. ഒരു മാസത്തോളമായി ഇയാൾ ഡാൻസാഫിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. 

ലഹരി മരുന്ന് ഉപയോഗിക്കുന്നയാളാണ് അമീർ. ജോലിക്കൊന്നും പോകാതെ ലഹരി കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു. മാവൂർ പോലീസിൽ ലഹരി വിൽപ്പന നടത്തിയതിനും  ഉപയോഗിച്ചതിനും ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. രാവിലെ ബംഗളൂരുവിൽ നിന്നും ട്രെയിൻ മാർഗം എംഡിഎംഎ കൊണ്ടുവന്ന് കോഴിക്കോട് ട്രെയിൻ ഇറങ്ങി വലിയങ്ങാടി ഭാഗത്തേക്ക് പോകുമ്പോഴാണ് ഇയാൾ പോലീസിൻ്റെ പിടിയിലാവുന്നത്.
ഡാൻസാഫ് ടീമിൻ്റെ അന്വേഷണത്തിൽ ജില്ലാ പോലീസ്  ഈ മാസം 13 ദിവസത്തിനുള്ളിൽ  ലഹരിമരുന്ന് കച്ചവടം നടത്തിയതിന് എട്ട് പേരെയും ലഹരി മരുന്ന് ഉപയോഗിച്ചതിന് ഏഴ് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 85 ഗ്രാം ബ്രൗൺ ഷുഗറും 78 ഗ്രാം എംഡിഎംഎയും  100 ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.

ഡാൻസാഫ് ടീമിലെ എസ്ഐ കെ അബ്ദുറഹ്മാൻ, എം കെ ലതീഷ്, പി കെ സരുൺകുമാർ, എൻ കെ ശ്രീശാന്ത്, എം ഷിനോജ് , പി അഭിജിത്ത്, ഇ വി അതുൽ , ടൗൺ സ്റ്റേഷനിലെ എസ്ഐ ഷബീർ , എസ് സി പി ഒമാരായ ശ്രീജിത്ത് കുമാർ, ബിനിൽ കുമാർ , വിജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

പിടിയിലായ അമീർ ഷർവാൻ

Leave a Reply

Your email address will not be published. Required fields are marked *