റെയിൽവേ സ്റ്റേഷനിൽ ക്ലോക് ടവർ തകർന്നു വീണു
ഒഴിവായത് വൻദുരന്തം
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണു. നൂറ്റാണ്ടിലധികം പഴക്കമുള്ള ടവർ രണ്ടാം പ്ലാറ്റ്ഫോമിലാണ് തകർന്നുവീണത്. രാവിലെ 11 ഓടെയാണ് സംഭവം.
ആർക്കും പരിക്കില്ല. അപകട സമയത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. രാവിലെ 9.30 ന് കണ്ണൂരിൽ നിന്നുള്ള ട്രെയിൻ ഈ പ്ലാറ്റ് ഫോമിലാണ് എത്തിയത്. ടവർ അപകടഭീഷണിയിലാണെന്ന് മൂന്നുമാസം മുമ്പു തന്നെ കണ്ടെത്തിയിരുന്നു. പൊളിച്ചു മാറ്റാൻ നിർദേശിച്ച ടവറാണ് കനത്ത മഴയിൽ നിലംപൊത്തിയത്. പ്ലാറ്റ്ഫോമിൻ്റെ മേൽക്കൂര അപ്പാടെ തകർന്നു.
അപകടത്തെത്തുടർന്ന് ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം നിർത്തി. നാലാം പ്ലാറ്റ്ഫോമിലൂടെയാണ് ട്രെയിൻ കടത്തിവിടുന്നത്.
റെയിൽവേ സ്റ്റേഷൻ നവീകരണം ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് ബലക്ഷയത്തിൽ ക്ലോക്ക് ടവർ തകർന്നത്. കോഴിക്കോടിൻ്റെ പൈതൃക ചിഹ്നമായി അടയാളപ്പെടുത്തിയതാണ് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ. എംഎൽഎമാരായ പി എ മുഹമ്മദ് റിയാസ്, കെ ജയന്ത്, ഫൈസൽ ബാബു തുടങ്ങിയവർ സ്ഥലത്തെത്തി.