ഗ്രേറ്റ് ഇന്ത്യൻ ഫുഡ് ആർട്ടിന് കൊടിയിറക്കം

കോഴിക്കോട്: ആവേശകരമായ പത്തു ദിനങ്ങൾ. കാശ്മീർ മുതൽ കോഴിക്കോട് വരെ 25ലധികം ഇന്ത്യൻ നഗരങ്ങളിലെ 200ലധികം രുചി വൈവിധ്യങ്ങൾ. കോഴിക്കോട് ട്രേഡ് സെന്ററിൽ മെയ് 3 മുതൽ 12 വരെ നടന്ന ദ ഗ്രേറ്റ് ഇന്ത്യൻ ഫുഡ് ആർട്ട് കോഴിക്കോട്ടെ ഭക്ഷണ പ്രേമികൾക്ക് നവ്യാനുഭവമായി. ഹൈദരാബാദിന്റെ ഹലീം, കൊൽക്കത്തയുടെ ഖട്ടി റൊട്ടി, ലക്ഷദ്വീപിന്റെ കീലാഞ്ചീം കട്ടിപ്പാലും എന്നിങ്ങനെ ഓരോ ദേശത്തിന്റെയും തനത് രുചികൾ തീൻമേശയിൽ നിരന്നു. ആദ്യ ദിനം മുതൽ അവസാന ദിനം വരെ  തിരക്കൊഴിയാതെ നിറഞ്ഞു കവിഞ്ഞ ഹൈദരാബാദിൻ്റെയും അമൃത് സറിൻ്റെയും ഫുഡ് കൗണ്ടറുകൾ. സ്ട്രീറ്റ്സ് ഓഫ്‌ കാലിക്കറ്റിന്റെ ഓപ്പൺ മൈക്ക് ഇവന്റുകൾ, ഫോട്ടോ എക്സിബിഷൻ, ബുക്ക് ഫെയർ, പ്രമുഖ ബാന്റുകളുടെ മ്യൂസിക് ഷോ എന്നിങ്ങനെ ആകർഷകമായ ഒട്ടനവധി പരിപാടികൾ കൊണ്ടും സമ്പന്നമായ വേദി. പാട്ടും പറച്ചിലും ഭക്ഷണത്തെക്കുറിച്ചുള്ള സർഗാത്മക സംവാദങ്ങളുമായി രസിപ്പിച്ചും, ചിന്തിപ്പിച്ചും വേറിട്ട അനുഭവമായി മാറി ഗ്രേറ്റ് ഇന്ത്യൻ ഫുഡ് ആർട്ട്.

ഫുഡ്‌ ഇന്ത്യൻ ആർട്ട്‌ സ്റ്റാൾ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. പി. ഗവാസ് നിർവഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഫുഡ്‌ ഫെസ്റ്റിവൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ഭക്ഷണം പങ്കുവെക്കുന്നതിലൂടെ സ്നേഹവും സാഹോദര്യവും കൂടിയാണ് പങ്കുവെക്കപ്പെടുന്നത് എന്ന മഹത്തായ സന്ദേശത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഗ്രേറ്റ് ഇന്ത്യൻ ഫുഡ് ആർട്ട്.  ജനുവരിയിൽ ഫുഡ്‌ മേളയുടെ അടുത്ത പതിപ്പ് ദുബായിൽ അരങ്ങേറുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്  കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്  പറഞ്ഞു.

ഈറ്റോപ്പിയ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഭക്ഷണ ഇനങ്ങൾക്ക് പ്രധാന്യം നൽകിക്കൊണ്ടുള്ള മേളയാണിത്. ഭക്ഷണം പങ്കുവെക്കുന്നതിലൂടെ സ്നേഹം കൂടിയാണ് പങ്കുവെയ്ക്കുന്നതെന്നും, കോഴിക്കോടിനെ ഭക്ഷണത്തിന്റെ ഔദ്യോഗിക തലസ്ഥാനമായി മാറ്റിയെടുക്കും വരെ ഈ ദൗത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.    ഈറ്റോപ്പിയ ഡയറക്ടർ ഷുക്കൂർ ബത്തേരി സ്വാഗതം പറഞ്ഞു.  പി പി വിജയൻ, സന്നാഫ് പാലക്കണ്ടി, മുഹമ്മദ്‌ മൻസൂർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *