ഞാൻ കണ്ട കാഴ്ചകൾ

(ജർമനിയിലെ ബോണിൽ നടന്ന യു എൻ ശിൽപ്പശാലയിൽ പങ്കെടുത്ത സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ഹസാർഡ് അനലിസ്റ്റായ അമൃത കോളങ്ങാട് എഴുതുന്നു )

കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കാട്ടിപ്പോയിൽ എന്ന സ്ഥലത്ത് ജനിച്ചു വളർന്ന സാധാരണ പെൺകുട്ടിയാണ് ഞാൻ. ആകെ കണ്ണൂർ വരെ മാത്രമേ ഞാൻ എന്റെ 22ാം വയസു വരെ യാത്ര ചെയ്തിട്ടുള്ളു. കോളേജ് പഠനം പൂർത്തിയാക്കി ജോലി ലഭിച്ച ശേഷമാണ് കാസർഗോഡ് -കണ്ണൂർ ജില്ല വിട്ട് യാത്ര ചെയ്തിട്ടുള്ളത്. ഞാൻ കണ്ടതിനപ്പുറം ഒരുപാട് കാഴ്ചകൾ ഇനിയും കാണാൻ ഉണ്ടെന്ന തിരിച്ചറിവാണ് എനിക്ക് ഉണ്ടായത്. എന്നും ആഗ്രഹങ്ങൾ കൊണ്ടു നടക്കുന്ന വ്യക്തിയാണ് ഞാൻ. അതിലേക്ക് എത്താൻ കുറച്ചെങ്കിലും പരിശ്രമിക്കാറുമുണ്ട്. ചില സമയങ്ങളിൽ മടി പിടിച്ചു നിൽക്കാറുമുണ്ട്.

കഴിഞ്ഞ അഞ്ചു വർഷക്കാലമായി ദുരന്തനിവാരണത്തിലാണ് ഞാൻ ജോലി ചെയ്യുന്നത്. ചെയ്യുന്ന ജോലി കൊണ്ട് ഒരാളുടെ മുഖത്തെങ്കിലും സന്തോഷം കാണാൻ സാധിക്കണം എന്ന് ഞാൻ എന്നും ആഗ്രഹിക്കാറുണ്ട്. അഞ്ചു വർഷക്കാലത്തിനിടയ്ക്ക് മനസിന്‌ സംതൃപ്തി തരുന്ന രീതിയിൽ തന്നെ ജോലി ചെയ്യാനും സാധിച്ചിട്ടുണ്ട്. ഒരുപാട് ഈ മേഖലയിൽ ജോലി ചെയ്യുന്ന ആൾക്കാരെയും അവരുടെ പ്രവർത്തനങ്ങളെയും നോക്കിക്കാണാനും സാധിച്ചിട്ടുണ്ട്. പലപ്പോഴും ഇന്റർനാഷണൽ കോൺഫറൻസുകൾ കാണുമ്പോൾ അതൊക്കെ അപേക്ഷിക്കാനും ശ്രമിക്കാറുണ്ട്. ഇനി ഞാൻ പറയട്ടെ, എന്താണ് എനിക്ക് നിങ്ങളോട് പങ്കുവെക്കാനുള്ള സന്തോഷം എന്ന് …..

യുണൈറ്റഡ് നാഷൻസിന്റെ ഏജൻസികളുടെയും ഇന്റർനാഷണൽ ഇൻസ്റ്റിട റ്റ്യൂട്ടുകളുടെയും കൂട്ടായ്മ ആണ് PEDRR (Partnership for Environment and Disaster Risk Reduction). ജൈവ-പരിസ്ഥിതിയധിഷ്ഠിത ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച പരിശീലനങ്ങളും മാർഗനിർദേശങ്ങളും നൽകി വരുന്ന ജനീവ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടന ആണ്. PEDRR പ്രകൃതിസംരക്ഷണത്തിന്റെ പാതയിൽ 15 വർഷം പൂർത്തിയാക്കുകയാണ്. അതുമായി ബന്ധപ്പെട്ട് പോളിസി വർക്ക്ഷോപ്പിൽ പങ്കെടുക്കാനാണ് എനിക്ക് അവസരം ലഭിച്ചത്.

ജർമനിയുടെ ആസ്ഥാനമായ ബോണി ലാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. എന്റെ ആദ്യത്തെ ഇന്റർനാഷണൽ യാത്ര. എക്സൈറ്റ്മെന്റ് അൺലിമിറ്റഡ്…

തലസ്ഥാന നഗരത്തിൽ നിന്നും ഡൽഹി. അവിടെ നിന്ന് ഫ്രാങ്ക്ഫർട്ട്. ഇതാണ് യാത്രാ പ്ലാൻ. നമ്മുടെ സ്വന്തം ടാറ്റയുടെ എയർ ഇന്ത്യയിലാണ് യാത്ര. തിരുവന്തപുരത്തുനിന്ന് 3 മണിക്കൂർ യാത്ര ഡൽഹിയിലേക്ക്. ഡൽഹിയിൽ നിന്ന് 9 മണിക്കൂർ യാത്രയാണ് ഫ്രാങ്ക്ഫർട്ടിലേക്ക്. യാത്ര കുറച്ചൊന്നു വലച്ചു. അത്ര ദൂരം വിമാനത്തിൽ ഇരിക്കേണ്ട സാഹചര്യം ആദ്യമായിട്ടാണ്. എന്നാലും ഞാൻ പുതിയൊരു ലോകം കാണാൻ പോകുന്നെന്ന സന്തോഷത്തിൽ അതൊക്കെ മറന്നു. ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽനിന്ന് ഒന്നര മണിക്കൂർ ട്രെയിൻ യാത്രയാണ് ബോണിലേക്ക്. എയർപോർട്ടിന് തൊട്ടുതാഴെ തന്നെയാണ് റെയിൽവേ സ്റ്റേഷൻ. നമ്മുടെ വന്ദേഭാരതിന്റെ രൂപത്തിലുള്ള ട്രെയിൻ ആണ് എനിക്ക് കിട്ടിയത്. ‘ഐസ് ‘ (Intercity Express ) . വളരെ വേഗത്തിൽ പോകുന്ന ട്രെയിൻ സർവീസ്. മണിക്കൂറിൽ 300 കിലോ മീറ്റർ വരെയാണ് വേഗത. ഉള്ളിലുള്ള സൗകര്യം വന്ദേഭാരതിനേക്കാൾ മെച്ചപ്പെട്ടതാണ് എന്നാണ് എനിക്ക് തോന്നിയത്. കയറാനും ഇറങ്ങാനും ആൾക്കാർ വളരെ അധികം മര്യാദ പാലിക്കുന്നു. കൂടാതെ റെയിൽവേ സ്റ്റേഷനും വളരെ വൃത്തിയുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ , പ്ലാസ്റ്റിക് , പേപ്പർ എന്നിവ നിക്ഷേപിക്കാനുള്ള കണ്ടൈനറുകളും അവിടവിടങ്ങളിലെയായി സ്ഥാപിച്ചിട്ടുണ്ട്. രാത്രി ഏതാണ്ട് പത്തുമണി ആയപ്പോഴാണ് ബോണിൽ എത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു പത്തുമിനിറ്റ് ഉണ്ട് താമസിക്കുന്ന ഹോട്ടലിലേക്ക്. ടാക്സി എടുത്തു – ന്യൂ മോഡൽ മെഴ്‌സിഡസ് ബെൻസ് . കണ്ണൊന്നു തള്ളി. പിന്നെ നമ്മുടെ ഇവിടത്തെ ആൾട്ടോ പോലെ ആണ് അവിടെ ബെൻസ് എന്ന് മനസിലായി. വഴിനീളെ ടാക്സിയായി ഓടുന്നത് ഇവിടത്തെ ആഡംബര വാഹനങ്ങളാണ്. ഹോട്ടൽ എത്തിയപ്പോൾ നേരം ഇരുട്ടിയതിനാൽ തന്നെ കാഴ്ചകൾ ഒന്നും കണ്ടില്ല. യാത്രയുടെ ക്ഷീണം കൊണ്ട് പെട്ടെന്ന് തന്നെ കിടന്നുറങ്ങി.

രാവിലെ ഒമ്പതുമണിക്ക് തന്നെ വർക്ക്ഷോപ്പിനു എത്തേണ്ടതിനാൽ പെട്ടെന്ന് തന്നെ ഒരുങ്ങി പ്രഭാതഭക്ഷണം കഴിക്കാനായി ഇറങ്ങി. ബ്രഡ്, പഴങ്ങൾ, പച്ചക്കറികൾ, ജ്യൂസ്, പിന്നെ ചീസ്, സൊസെജ് , മുട്ട എന്നിവയാണ് കഴിക്കാൻ. മുട്ട ഉള്ളതുകൊണ്ട് ഞാൻ മാനേജ് ചെയ്യും എന്നത് എന്നെ അറിയുന്ന എല്ലാവരും നിസംശയം പറയും. 9 മണിക്ക് തന്നെ യു.എൻ ഓഫീസിൽ എത്തി. സെക്യൂരിറ്റി ചെക്കിങ് ഒക്കെ കഴിഞ്ഞു ടാഗും തന്നു കയറ്റി വിട്ടു.യു എൻ എന്നും എന്റെ ഒരു ഡ്രീം സ്പേസ് ആണ്. ഈ മേഖലയിൽ വർക്ക് ചെയ്യുന്ന ഏതൊരാളും ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലം. ഇരുപത്തിനാലാം നിലയിലാണ് വർക്ക്ഷോപ്പ്. ഹാളിൽ ഏകദേശം കസേരകളും നിറഞ്ഞിരുന്നു. ആദ്യത്തെ നിരയിലെ ഒരു കസേരയിൽ ഇരിപ്പിടം ഉറപ്പിച്ചു. പല രാജ്യങ്ങളിൽ നിന്നുള്ള പല മുഖങ്ങൾ. എനിക്കറിയാവുന്ന വളരെ ചുരുക്കം ആൾക്കാർ. അവരെ പോയി കണ്ടു ഞാൻ പരിചയം പുതുക്കി.

ആദ്യം തന്നെ ഐസ് ബ്രേക്കിംഗ് ആണ്. ആൾക്കാരെ പരിചയപ്പെടുക. അവരെ കുറിച്ച് അറിയുക. കുറെ ആൾക്കാരെ പരിചയപ്പെട്ടു. കെനിയ, ഉഗാണ്ട, ശ്രീലങ്ക, യു.എസ്, നെതർലൻഡ്‌സ്‌, ഇസ്രായേൽ, അൾജീരിയ, സുഡാൻ അങ്ങനെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ.
വിവിധ തീമുകളിലായുള്ള സെഷനുകൾ, അതുമായി ബന്ധപ്പെട്ട ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ.

എന്താണ് ജൈവ-പരിസ്ഥിതിയധിഷ്ഠിത ദുരന്ത ലഘൂകരണ പ്രവർത്തനം അഥവാ ECO SYSTEM BASED DISASTER RISK REDUCTION (Eco DRR). പരിസ്ഥിതി വ്യവസ്ഥകളുടെ സുസ്ഥിര പരിപാലനം, പുനഃസ്ഥാപനം, സംരക്ഷണം എന്നിവയിലൂടെ അപകട സാധ്യതകൾ ലഘൂകരിക്കുക, ഉപജീവനമാർഗം വർദ്ധിപ്പിക്കുക, ദുരന്തസാധ്യത ലഘൂകരിക്കുക, എന്നിവയാണ് ജൈവ വ്യവസ്ഥ അടിസ്ഥാനത്തിലുള്ള ദുരന്ത സാധ്യത ലഘൂകരണ പദ്ധതിയുടെ ലക്ഷ്യം. PEDRR തന്നെയാണ് ഈ നാമകരണം നൽകിയതും. കഴിഞ്ഞ 15 വർഷമായി ഈ മേഖലയിൽ നിരവധിയായ ലക്ഷ്യങ്ങൾ കൈവരിക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്.
ലോകമാനം ഇക്കോ ഡി ആർ ആർ എന്നത് സുസ്ഥിരമായ ഒരു പദ്ധതിയാണ് എന്നത് മനസിലാക്കി തന്നെയാണ് എല്ലാ ഏജൻസികളും ഇടപെടുന്നത്. പ്രകൃതിയുടെ സുസ്ഥിര പരിപാലനം ഇല്ലാതെ ഭൂമിയിൽ നിലനിൽപ്പ് ബുദ്ധിമുട്ടിലാകും എന്ന അറിവ് തന്നെയാണ് ഈ സ്വീകാര്യതയുടെ കാരണവും. അനുദിനം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും പ്രകൃതി വിഭവങ്ങളുടെ അമിത ഉപയോഗവും എല്ലാം ഇത്തരത്തിലുള്ള പരിസ്ഥിതിയോടിണങ്ങി നിൽക്കുന്ന പദ്ധതികളുടെ പ്രാധാന്യം വർധിപ്പിക്കാൻ കാരണമായി. ലോകത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ പാഠ്യവിഷയങ്ങളാണ് ഇന്ന് ഇക്കോ ഡി ആർ ആർ, NBS എന്നിവ.ഈ മേഖലയിൽ മാത്രം പ്രവർത്തിക്കുന്ന NGO കളും നിരവധിയാണ്.
കേരളത്തിലും ഹരിത കേരളം , തദ്ദേശ സ്വയം ഭരണവകുപ്പ്, കില, ദുരന്തനിവാരണ അതോറിറ്റി എനീ വകുപ്പുകൾ ഇക്കോ ഡി ആർ ആർ മേഖലയിൽ പരിശീലനങ്ങളും പല പദ്ധതികളും നടപ്പാക്കി വരുന്നു. കേരളത്തിന്റെ കയർ ഭൂവസ്ത്രം , തീര സംരക്ഷണത്തിനുള്ള കണ്ടൽ വനങ്ങൾ വച്ച് പിടിപ്പിക്കൽ, മണ്ണൊലിപ്പ് തടയാനായി ചരിഞ്ഞ മേഖലകളിൽ മണ്ണിനെ പിടിച്ചു നിർത്താൻ ഉതകുന്ന രീതിയിലുള്ള പുല്ലുകൾ വച്ച് പിടിപ്പിക്കുക എന്നിവ ഇക്കോ ഡി ആർ ആർ മാതൃകകളാണ്.

ബാക്ക് ടു സ്റ്റോറി

ജർമനിയിലെ വർക്ക്ഷോപ്പ് കഴിഞ്ഞ ശേഷം പാരീസ് കാണണം എന്ന അമിത ആവേശത്താൽ പാരീസ് വച്ച് പിടിച്ചു. ട്രെയിനിൽ ആയിരുന്നു യാത്ര. താലിസ് ട്രെയിൻ. നേരത്തെ പറഞ്ഞില്ലേ വേഗതയിൽ ഓടുന്ന മൂന്ന് ട്രെയിനുകളാണ് ഞാൻ ഈ രണ്ടു രാജ്യങ്ങളിലായി കണ്ടത് – ഐസ് , താലിസ്, ടിജിവി എന്നിവ. ഐസിൽ മണിക്കൂറിൽ 300 കി.മീ സ്പീഡിൽ വരെ യാത്ര ചെയ്യാനായി. പാരീസിൽ ചെന്നിറങ്ങിയപ്പോൾ ഒരു സ്വീകാര്യത അനുഭവപ്പെട്ടില്ല. നേരത്തെ ജർമ്മനിയിലെ മാലിന്യനിർമാർജനം പറഞ്ഞിരുന്നല്ലോ അത്രത്തോളം നന്നായല്ല ഫ്രാൻ‌സിൽ (പാരിസിൽ ) വേസ്റ്റ് കൈകാര്യം ചെയ്യുന്നത്. ട്രെയിൻ ഇറങ്ങി നേരെ ഹോട്ടലിൽ പോയി വിശ്രമിച്ചു. അതിരാവിലെ വിശപ്പിന്റെ വിളികാരണം പോയി പ്രഭാത ഭക്ഷണം കഴിച്ചു. പക്ഷെ അവിടെയും ഡാർക്ക് മുട്ട ഇല്ല. ബ്രഡ് മാത്രം. കഴിച്ചെന്നു വരുത്തി. പിന്നെ നേരെ ലുവർ മ്യൂസിയം വിട്ട് പിടിച്ചു. പാരീസ് നഗരം കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ട്. കെട്ടിടങ്ങളൊക്കെയും കനം കൂടിയ ഭിത്തികളും , ക്ലാസിക്കൽ രൂപങ്ങളും, മുൻഭാഗങ്ങളിൽ നിന്ന് പിറകിലേക്ക് വിസ്തൃതി കൂടി പോകുന്ന രീതിയിൽ ഒക്കെ ആണ് ഡിസൈനുകൾ മിക്കതും. സെയ്ൻ നദിയുടെ തീരത്താണ് ലുവർ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടോ പതിമൂന്നോ നൂറ്റാണ്ടിൽ ഫിലിപ്പ് രണ്ടാമനാണ് ഇത്തരത്തിൽ ഒരു കെട്ടിടം പണികഴിപ്പിക്കുന്നത്. പിന്നീട് പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. അതിന് ശേഷം ഫ്രഞ്ച് റവല്യൂഷന്റെ ഭാഗമായുള്ള തീരുമാനത്തിലാണ് ഇതിനെ ഒരു മ്യൂസിയം ആക്കി മാറ്റാം എന്ന തീരുമാനത്തിൽ ഫ്രഞ്ച് ഭരണകൂടം എത്തുന്നത്. മുന്നിലുള്ള ഗ്ലാസ് കൊണ്ട് നിർമിച്ച ആ പിരമിഡിന് ഒരു വല്ലാത്ത ആകർഷണം ഉണ്ട്. ടിക്കറ്റ് എടുത്തു ഉള്ളിലേക്ക് കയറി. കൂടാതെ സഹായത്തിനായി ഒരു നാവിഗേറ്റർ സിസ്റ്റം കൂടി വാങ്ങി. ഓരോ സ്ഥലങ്ങളുടെയും വിശദീകരണം അവയിൽ ഉണ്ട്. ഇന്ന് ലുവർ 652000 ചതുരശ്ര അടി സ്ഥലത്തു പരന്നങ്ങുകിടക്കുകയാണ്. ലുവറിൽ കണ്ട കാഴ്ചകളെല്ലാം പറയാൻ തുടങ്ങിയാൽ അത് അവസാനിക്കാൻ കുറച്ചധികം സമയമെടുക്കും.

എനിക്ക് ഏറ്റവും കൗതുകമായി തോന്നിയത് ഈജിപ്തിലെ പുരാവസ്തുക്കളുടെ ശേഖരവും, സ്പെയിൻ , യു.എസ്, ഇറ്റലി, വടക്കൻ യൂറോപ്യൻ എന്നീ രാജ്യങ്ങളിലെ വളരെ അതുല്യമായ പെയിന്റിംഗ് ശേഖരങ്ങളും, ഗ്രീക്ക്, റോമൻ ശില്പങ്ങളുടെ ശേഖരവുമാണ്. ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാൻ ആകുന്നതല്ല ലുവർ. ഇറങ്ങുമ്പോൾ ഒന്നുകൂടി വരാനുള്ള ആഗ്രഹം മനസ്സിൽ കുറിച്ചിട്ടാണ് ഇറങ്ങിയത്. രാത്രി ഈഫൽ ടവർ കാണാൻ ഒരു പ്രത്യേക ചന്തം ഉണ്ടെന്നു കേട്ടതിനാൽ തന്നെ രാത്രി തന്നെ അങ്ങോട്ട് വച്ച് പിടിച്ചു. മെട്രോ എടുത്തു അവിടെ എത്തുമ്പോഴേക്കും ചെറിയ മഴ ചാറ്റൽ ഉണ്ടായിരുന്നു. ആകാശം മുട്ടെ പ്രകാശം പരത്തി ഈഫൽ ടവർ അങ്ങനെ നിൽപ്പാണ്. വേഗം തന്നെ ടിക്കറ്റ് എടുത്തു മുകളിൽ കയറാനുള്ള ആവേശം ആയിരുന്നു. ഇന്ന് വരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ കാഴ്ച എന്നുതന്നെ പറയാം. അത്രക്കും മനോഹരമായിരുന്നു ഈഫൽ. പടുകൂറ്റൻ ലിഫ്റ്റിൽ മുകളിൽ എത്തിക്കഴിഞ്ഞാൽ ഒരു നഗരം മുഴുവൻ പ്രകാശപൂരിതമായിരിക്കുന്ന കാഴ്ച കാണാം. ഇത്രയും നന്നായി എഞ്ചിനീയർമാക്ക് ആ കാലഘട്ടത്തിൽ എങ്ങനെ ഈ അദ്ഭുതം സൃഷ്ടിക്കാനായി എന്നതായിരുന്നു എന്റെ ചിന്ത മുഴുവൻ. കുറച്ചു കഴിഞ്ഞപ്പോഴേക്കും മഴയുടെ ശക്തി കൂടി , മിന്നൽ പിണരുകൾ ഈഫലിനെ വന്നു തട്ടി. കാറ്റ് ശക്തിയായി വീശാൻ തുടങ്ങി. ടവർ ചെറുതായി ഉലയുന്ന പോലെ ഒക്കെ എനിക്ക് തോന്നി. പേടിച്ചു നന്നായിട്ട്. പക്ഷെ ധൈര്യം കൈവിടരുതല്ലോ. പിന്നെ മെല്ലെ മഴയുടെ കനമൊന്നു കുറഞ്ഞു. കുറെ ഫോട്ടോകളും ഒക്കെ എടുത്ത് ആ ദൃശ്യം മനസ്സിൽ നന്നായി പതിപ്പിച്ചു അവിടെ നിന്നും ഇറങ്ങി.

അടുത്ത ദിവസം പാരീസിലെ ഫാഷൻ പറുദീസകൾ കാണാനായാണ് സമയം ചെലവഴിച്ചത്. ലോകോത്തര ബ്രാൻഡുകളുടെ ഒറിജിനൽ വില്പനശാലകൾ കണ്ടു വിൻഡോ ഷോപ്പിംഗ് നടത്തി വരാൻ മാത്രമേ കഴിഞ്ഞുള്ളു. അവിടെ ഞാൻ കണ്ട കാഴ്ചയാണ് – ആളുകൾ കടകളുടെ മുന്നിൽ വരിയായി നിൽക്കുന്നു. സെക്യൂരിറ്റി ഓരോരുത്തരുടെ ഊഴം അനുസരിച്ചു അകത്തേക്ക് വിളിക്കുന്നു. എന്താണെന്നു അന്വേഷിച്ചപ്പോഴാണ് ഏതു പ്രധാനപ്പെട്ട ബ്രാൻഡിന്റെയും ആദ്യത്തെ പ്രോഡക്റ്റ് ഇറങ്ങുന്നത് ഇവിടാണ് അത് വാങ്ങാനും കാണാനും ഉള്ളവരുടെ കാത്തിരിപ്പ് ആണത്. എന്തൊക്കെ ആണ് ആൾക്കാരുടെ പ്രയോറി റിറ്റി എന്നത് വളരെ വ്യത്യസ്തമാണ്. ആദ്യം തന്നെ വിപണിയിൽ ഇറങ്ങുന്ന സാധനങ്ങളുടെ ഉടമയാകുക, ഏറ്റവും അവസാനം ഓഫറിൽ കിട്ടുന്ന സമയത്തു മതിയെന്ന ചിന്തയിൽ മറ്റു ചിലർ അങ്ങനെ അങ്ങനെ…..

അന്നത്തെ ദിവസം അങ്ങനെ തീർന്നു.
ഫ്രാൻസിലെ യാത്രകൾ മൊത്തം ട്രെയിനിലും മെട്രോയിലും ആയിരുന്നു. എക്കണോമിക്കൽ ആണ്. ഏതാണ്ട് 29,901 കിലോമീറ്റർ നീണ്ടു നിൽക്കുന്ന ട്രെയിൻ നെറ്റ്‌വർക്കാണ് ഫ്രാൻ‌സിൽ ഉള്ളത്. അണ്ടർ ഗ്രൗണ്ട് മെട്രോ ആണ് ഫ്രാൻ‌സിൽ ഉടനീളം. അത്ഭുതം ആരുന്നു എനിക്ക്. എന്തൊരു ഡിസൈനറങ്ങും എഞ്ചിനീയറിങ്ങും ആണ്. പാരീസിലെ ദിനങ്ങൾ അവസാനിക്കുമ്പോൾ മനസിൽ ഒരുപിടി നല്ല കാഴ്ചകൾ ഉണ്ട്.

നാട്ടിലേക്ക് പോകാനായുള്ള തയ്യാറെടുപ്പുകളാണ് ഇനി. തിരികെയുള്ള വിമാനം ഫ്രാങ്ക്ഫർട്ടിൽ നിന്ന് തന്നെ ആണ്. അവസാന ദിനം ഫ്രാങ്ക്ഫർട്ടിൽ കുറച്ചു ഷോപ്പിംഗ് നടത്തുക എന്നതായിരുന്നു ലക്‌ഷ്യം. ഇലക്ട്രോണിക്സ് വാങ്ങാൻ നല്ല ഒരിടം ആണ് ജർമനി. വിലക്കുറവും ഗുണമേന്മയും ഉണ്ട് എന്നതാണ് മെച്ചം.
വളരെ അത്യാവശ്യം കുറച്ചു സാധനങ്ങൾ മാത്രം വാങ്ങി തിരികെ. ബാക്കി സമയം നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാനായി ചെലവഴിച്ചു.

ഇനി തിരികെ നാട്ടിലേക്ക്. ഒരുപാട് യാത്രകൾ ഇനിയും ചെയ്യണം എന്ന ആഗ്രഹത്തോടെ ……

Leave a Reply

Your email address will not be published. Required fields are marked *